മരണത്തില്‍ നിന്ന് ആര്‍ക്കാണ് ഒളിച്ചോടാന്‍ കഴിയുക? ഭൂമിയില്‍ ജനിച്ചവര്‍ക്കൊക്കെ നിശ്ചയമായും മരണവും ഉണ്ട്. ഓരോ നിമിഷവും മരണത്തിലേക്ക് നാമെല്ലാം അടുത്തുകൊണ്ടിരിക്കുകയാണ് എന്ന സത്യം പലരും മറക്കുന്നു.
ഋഷീശ്വരന്മാരും മഹാത്മാക്കളും, ഉറപ്പായി എത്തുന്ന, മാറ്റാന്‍ കഴിയാത്ത ഈ സത്യത്തെക്കുറിച്ച് നമ്മളെ വീണ്ടും വീണ്ടും അറിയിക്കുകയാണ്. ‘ഞാന്‍’ എന്ന ഭാവമാണ് മരണത്തോടെ അസ്തമിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല. അവര്‍ക്ക് ഓരോ നിമിഷവും ജീവിതമാണ്. ‘ഞാന്‍’, ‘എന്റെ’ എന്ന വിചാരങ്ങള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മരണഭയം കൂടും. പ്രിയപ്പെട്ട പലതിനെയും ഉപേക്ഷിക്കേണ്ടിവരുന്ന മരണത്തെ അത്തരക്കാര്‍ ഭയക്കുന്നു. ഈ ഭാവത്തെ അതിജീവിച്ചവര്‍ക്ക് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന മനോഹരമുഹൂര്‍ത്തമാണ് മരണം.
ഭഗവാനില്‍ ലയിക്കാനുള്ള അവസരമാണ് അത്. കടലിലെ ഓരോ തിരമാലയ്‌ക്കും അറിയാം അവര്‍ സാഗരത്തിന്റെ ഭാഗമാണ് എന്ന്. അതുപോലെ വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യത്തിന്റെ ഭാഗമാണ് നിങ്ങള്‍ എന്ന തിരിച്ചറിവ് സ്വയം വളര്‍ത്തിയെടുക്കണം. അപ്പോള്‍ അജ്ഞാനം കൊണ്ടുള്ള എല്ലാ ഭയവും അകലും.
















