യുധാജിത്വഥ സംഗ്രാമാദ്ഗത്വ ളയോദ്ധ്യാം മഹാബല:
മനോരമാം ച പപ്രച്ഛ സുദര്‍ശന ജിഘാംസയാ
സേവകാന്‍ പ്രേഷയാമാസ ക:ഗതേതി മുഹുര്‍ വദന്‍
ശുഭേ ദിനേളഥ ദൗഹിത്രം സ്ഥാപയാമാസ ചാസനേ
വ്യാസന്‍ തുടര്‍ന്നു: യുധാജിത്ത് യുദ്ധം അവസാനിപ്പിച്ച് അയോദ്ധ്യയില്‍ ചെന്നപ്പോള്‍ മനോരമയെവിടെപ്പോയി എന്നന്വേഷിച്ചു. അവരെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ആളയപ്പിച്ചശേഷം സ്വന്തം കൊച്ചു മകനെ അയാള്‍ രാജാവായി വാഴിച്ചു. കിരീടധാരണത്തിനായി സമ്പൂര്‍ണ്ണ കലശങ്ങളും അഥര്‍വ്വവേദധ്വനികളും വസിഷ്ഠമുനിയുടെ കാര്‍മ്മികത്വത്തില്‍ കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു.
അയോദ്ധ്യയിലെ ഒരുത്സവം തന്നെയായിരുന്നു ഈ ചടങ്ങ്. ബ്രാഹ്മണരും സ്തുതിപാഠകരും പാടിയ ഗീതങ്ങളാല്‍ ആകാശം മുഖരിതമായി. യുവരാജാവിനെ വാഴിക്കുന്നതില്‍ ജനത്തിനും അത്യുല്‍സാഹമായിരുന്നു. ഇടയ്‌ക്കെപ്പോഴോ ‘സുദര്‍ശന്‍ എവിടെ’ എന്ന് ചില സാധുക്കള്‍ ചിന്തിച്ചു എന്ന് മാത്രം. മനോരമ പുത്രനെക്കൊണ്ട് എങ്ങു പോയിക്കാണും എന്നവര്‍ സന്ദേഹിച്ചു. യുധാജിത്തിന്റെ കീഴില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനാവാതെ ആ സാധുക്കള്‍ ദുഖിതരായി കഴിഞ്ഞുകൂടി.
കൊച്ചുമകനെ രാജ്യഭാരം എല്‍പ്പിച്ചുവെങ്കിലും ഭരണത്തിനായി തനിക്ക് വേണ്ടപ്പെട്ട ഒരു മന്ത്രിയെ ചുമതലപ്പെടുത്തി യുധാജിത്ത് തന്റെ കൊട്ടാരത്തിലേയ്‌ക്ക് തിരിച്ചുപോയി.
ചിത്രകൂടത്തില്‍ ഒരു താപസന്റെ ആശ്രമത്തില്‍ സുദര്‍ശനന്‍ ഉണ്ടെന്നറിഞ്ഞ യുധാജിത്ത് അവനെ കൊന്നുകളയാന്‍ അങ്ങോട്ടേയ്‌ക്ക് പുറപ്പെട്ടു. ബലന്‍ എന്ന കാട്ടുരാജാവിനെയും കൂട്ടി അയാള്‍ ശൃംഗവേരപുരത്തിന്റെ അധിപതിയായ ദുര്‍ദശന്റെ അടുത്തെത്തി. ശത്രുഭയം തനിക്കിവിടെയും ഉണ്ടെന്നറിഞ്ഞ മനോരമ വിഷണ്ണയായി.’എന്റെ അച്ഛനെകൊന്നതുപോലെ അയാള്‍ എന്റെ പുത്രനെയും കൊല്ലും.
പണ്ട് പാണ്ഡവര്‍ വനവാസം ചെയ്ത കാലത്തുണ്ടായ ഒരു സംഭവം ഞാനും കേട്ടിട്ടുണ്ട്. അവര്‍ അഞ്ചുപേരും ദ്രൗപദിയും ഒരു മുനിയുടെ ആശ്രമത്തിലാണല്ലോ കഴിഞ്ഞിരുന്നത്. ആണുങ്ങള്‍ നായാട്ടിനു പോകുമ്പോള്‍ ദ്രൗപതി ആശ്രമത്തില്‍ കഴിഞ്ഞു. ആ ആശ്രമത്തില്‍ അത്രി, ധൗമ്യന്‍, ഗാലവന്‍, ഗൗതമന്‍, ഭൃഗു, പൈലന്‍, ജാബാലി, കണ്വന്‍, ച്യവനന്‍, യജ്ഞദത്തന്‍, സുമന്തു, അത്രിഹോത്രന്‍, വീതിഹോത്രന്‍, കഹോഡന്‍, വത്സലന്‍, യവക്രി, യജ്ഞകൃത്ത്, രാശാസനന്‍, ക്രതു തുടങ്ങിയ മുനിമാര്‍ വേദപാഠനിരതരായി വാണിരുന്നു.
രൂപവതിയായ ദ്രൗപതി തന്റെ ദാസിയോടൊപ്പം അവിടെ സുഖമായി കഴിഞ്ഞു വന്നു. പകല്‍ സമയത്ത് ‘ശത്രുക്കള്‍ക്ക് പേടിസ്വപ്‌ന’മായ പാണ്ഡവര്‍ കാട്ടില്‍ നായാട്ടുമായി ചുറ്റി നടന്നു. സിന്ധുരാജ്യത്തെ രാജാവ് ജയദ്രഥന്‍ അതുവഴി തന്റെ ഭടന്മാരുമായി പോകുമ്പോള്‍ ആശ്രമത്തിലെ വേദപാഠസ്വരം കേട്ട് ആകൃഷ്ടനായി അങ്ങോട്ട് ചെന്നു.
രണ്ടു ഭൃത്യന്മാരെ കൂട്ടി ആശ്രമത്തിലെത്തിയ അദ്ദേഹം വേദം ചൊല്ലുന്ന മുനിമാരെ കണ്ടു. മുനിമാരെ വന്ദിക്കാനായി അദ്ദേഹം അകത്തുകടന്നപ്പോള്‍ ആശ്രമത്തില്‍ ആരാണ് വന്നിരിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ സ്ത്രീകളും മുനി പത്‌നിമാരും അവിടെയെത്തി. അക്കൂട്ടത്തില്‍ അതിസുന്ദരിയായ ദ്രൗപതിയും ഉണ്ടായിരുന്നു.
‘മറ്റൊരു ലക്ഷ്മീ ദേവിതന്നെയാണിവള്‍’ എന്നു ചിന്തിച്ച് അദ്ദേഹം മുനിമാരോടു ചോദിച്ചു, ‘ആരാണീ കൃഷ്ണവര്‍ണ്ണയായ സുന്ദരി? ആരുടെ ഭാര്യയാണിവള്‍? ആരുടെ പുത്രിയാണ്? മുള്ളുനിറഞ്ഞ കാട്ടിലെ ലവംഗലതപോലെയും രാക്ഷസന്മാരുടെ കൂട്ടത്തില്‍ ഇരിക്കുന്ന രംഭയെപ്പോലെയുമാണിവള്‍.’
















