കോഴിക്കോട്: ജില്ലയിലെ തെരഞ്ഞെടുപ്പ്ഫലം പുറത്തുവരുന്നതോടെ ഇരു മുന്നണികളിലും പടലപ്പിണക്കം ശക്തിപ്പെടും. യുഡിഎഫിനേല്‍ക്കുന്ന കനത്ത തിരിച്ചടി മുസ്ലിംലീഗ് കോണ്‍ഗ്രസും തമ്മില്‍ നിലവിലുള്ള ബന്ധം കൂടുതല്‍ വഷളാക്കും. മന്ത്രി എം.കെ. മുനീര്‍ പരാജയപ്പെടുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ വിലയിരുത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് സജീവമായിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഗ് ബന്ധം ഏറെ വഷളായിരുന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുസ്ലിംലീഗ് മണ്ഡലംപ്രസിഡന്റ് സ്വമേധയാ മകന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതാണ് ലീഗിനുള്ളിലും, ലീഗും-കോണ്‍ഗ്രസും തമ്മിലും പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണം. യുഡിഎഫ് സ്ഥാനാര്‍ ത്ഥി തോറ്റതോടെ കോണ്‍ഗ്രസുകാര്‍ പാലം വലിച്ചതാണെന്ന് ഒരുവിഭാഗം ലീഗ് നേതാക്കള്‍ ആരോപിച്ചിരുന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടായ അനൈക്യം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ യുഡിഎഫ് സംവിധാനം പാടെ തകര്‍ന്നു. ബൂത്ത്, മണ്ഡലം തലങ്ങളില്‍ യുഡിഎഫ് യോഗങ്ങള്‍പോലും വിളിച്ചുകൂട്ടാന്‍ കഴിഞ്ഞില്ല. ഇത് രണ്ട് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചു. കൊയിലാണ്ടി, വടകര, കൊടുവള്ളി, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എലത്തൂരിലും വടകരയിലും ജനതാദള്‍ കോണ്‍ഗ്രസ് അനൈക്യവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത കോഴിക്കോട്ടെ സമ്മേളനത്തില്‍ 200ല്‍താഴെ മാത്രമാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ്ഫലം തിരിച്ചടിയാകുന്നതോടെ തര്‍ക്കം രൂക്ഷമാകുമെന്നാണ് സൂചന.ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ അനവസരത്തിലുള്ള പ്രസ്താവനകള്‍ മുന്നണിയുടെ പ്രതിച്ഛായ ബാധിച്ചെന്നും യുഡിഎഫിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഇടതുപക്ഷ മുന്നണിയിലും സ്ഥിതിഗതികള്‍ സാധാരണനിലയിലല്ല. കുറ്റിയാടി, കൊയിലാണ്ടി,ബാലുശ്ശേരി, സൗത്ത് മണ്ഡലങ്ങളില്‍ യുഡിഎഫ് വന്‍ പണമൊഴുക്കിയതായി സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന്‍ ആരോപിച്ചത് പരാജയം മുന്‍കൂട്ടി കണ്ടാണെന്ന സൂചനയുണ്ട്. കുറ്റിയാടിയില്‍ മോഹനന്റെ ഭാര്യ ലതികക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫിന് ഈ മണ്ഡലങ്ങളില്‍ മുന്നേറാനായില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പരാജയം മറച്ചുവെക്കാനുള്ള ശ്രമമാണ് ജില്ലാസെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യം. നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. കൊല്ലപ്പെട്ട പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനെ കയ്യൊഴിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രാദേശികമായി ഇത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. ഏരിയാ-ജില്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഈ സംഭവത്തിലെ സുപ്രധാന പ്രതികള്‍. അവകാശവാദങ്ങള്‍ പലതുമുന്നയിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് തിരിച്ചടി നേരിടുന്ന ജില്ലയായി കോഴിക്കോട് മാറുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ഭയപ്പെടുന്നത്.
















