കൊട്ടാരക്കര: പ്രസവചികിത്സക്കിടെ ഗര്‍ഭിണിയും കുഞ്ഞും മരിച്ച സംഭവത്തില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യണമെന്ന് കേരളാഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ശനിയാഴ്ച രാത്രി ഗര്‍ഭിണിയായ യുവതി പ്രസവമുറിയില്‍ മരണപ്പെട്ടിരുന്നു. ഡോക്ടറുടെ അനാസ്ഥമൂലമല്ല മരണം സംഭവിച്ചത്. ഗര്‍ഭിണിയായ രോഗിക്ക് അപസ്മാരബാധയുണ്ടായതാണ് മരണകാരണം. ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഒരു ഡോക്ടറും രോഗി മരിക്കണമെന്ന് ചിന്തിക്കുന്നവരല്ല. ഡോക്ടറുടെ നിയന്ത്രണങ്ങള്‍ക്കപ്പുറം ആകസ്മികമായി സംഭവിക്കുന്നതാണ്. ഇപ്പോഴത്തെ സംഭവത്തില്‍ ഒരുകൂട്ടം ആളുകള്‍ ഡോക്ടറെ ലേബര്‍ റൂമില്‍ എത്തി കയ്യേറ്റം ചെയ്യുകയാണുണ്ടായത്. ഗര്‍ഭിണിയായ ഡോക്ടറെ മര്‍ദ്ദിക്കുകയും മുഖത്തടിക്കുകയും ഉണ്ടായി. കുറ്റക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പ്രതികളെ പോലീസ് അറസ്റ്റുചെയ്യുന്നില്ല. പ്രതിയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ജോലി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കും. അത്യാഹിത വിഭാഗം മാത്രമേ വെള്ളിയാഴ്ച പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെജിഎംഒ ഭാരവാഹികളായ ഡോക്ടര്‍ അനൂബ് വി.എസ്, ഡോ.ഡാര്‍വിന്‍ സി പേള്‍, ഡോ.അഖില്‍.ബി.എസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജുനെല്‍സണ്‍, ഡോ.അനില എന്നിവര്‍ സംബന്ധിച്ചു. ഡോക്ടറെ കയ്യേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഇന്നലെ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
















