ചേര്‍ത്തല: തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. എംപിക്കുനേരെയും നാട്ടുകാരുടെ രോഷപ്രകടനം. പള്ളിത്തോട്, ചാപ്പക്കടവ് മേഖലകളില്‍ ദിവസങ്ങളായി കടലാക്രമണം ശക്തമായി തുടരുകയാണ്.
കടല്‍ ഭിത്തിയില്‍ നിന്ന് അരകിലോമീറ്ററോളം കിഴക്കോട്ട് വെള്ളം കയറിക്കെട്ടിക്കിടക്കുകയാണ്. നൂറിലധികം വീടുകളില്‍ വെള്ളം കയറി. അറുപതോളം കുടുംബങ്ങളെ പള്ളിത്തോട് സെന്റ് തോമസ് എല്‍പി സ്‌ക്കൂളിലും, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ചാപ്പക്കടവ് പ്രദേശത്ത് തീരദേശ റോഡിന് പടിഞ്ഞാറു ഭാഗംമുഴുവന്‍ വെള്ളത്തിനടിയിലാണ്. തിങ്കളാഴ്ച പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ വെള്ളം പമ്പു ചെയ്ത് നീക്കിയെങ്കിലും വീണ്ടും കടല്‍ കയറി പ്രദേശം വെള്ളത്തിനടിയിലായി. തുടര്‍ന്നാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ഇവരെ ക്യാമ്പുകളിലേക്ക് മാറ്റിയത്.
ചാപ്പക്കടവ് മത്സ്യ ഗ്യാപ്പിലൂടെയും കടല്‍ഭിത്തിക്കിടയിലൂടെയുള്ള വിടവുകളിലൂടെയുമാണ് വെള്ളം കയറുന്നത്. വേലിയേറ്റ ഇറക്ക വ്യത്യാസമില്ലാതയാണ് വെള്ളം ഇരച്ചു കയറുന്നത്. അന്ധകാരനഴി, അഴീക്കല്‍ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. മേഖലയിലെ ഇരുപത്തഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ചെല്ലാനം മുതല്‍ ആറാട്ടുവഴി വരെ തീരദേശ റോഡിന് പടിഞ്ഞാറു ഭാഗത്തെ കാന പൂര്‍ണമായും നിര്‍മിക്കാത്തതാണ് ദുരിതത്തിന് കാരണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. മേഖലയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നലെയും നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. പ്രദേശം സന്ദര്‍ശിച്ച കെ.സി. വേണുഗോപാല്‍ എംപി ക്ക് നേരേയും ദുരിത ബാധിതരുടെ രോഷപ്രകടനമുണ്ടായി.
പള്ളിത്തോട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നൂറ്റമ്പത് പേരും അന്ധകാരനഴിയിലെ ക്യാമ്പില്‍ അറുപതു പേരുമാണുള്ളത്. കടലാക്രമണം മൂലമുായ നാശനഷ്ടങ്ങള്‍ വിലയിരുത്തുവാനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി റവന്യു ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത സെക്രട്ടറിമാറുടേയും യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
ഒറ്റമശേരി, തൈക്കല്‍ ബീച്ച്, ആയിരംതൈ, ചേന്നവേലി, അര്‍ത്തുങ്കല്‍ എന്നീ മേഖലകളില്‍ കടല്‍ കയറ്റം രൂക്ഷമായി തുടരുകയാണ്. കടല്‍ഭിത്തി നിര്‍മിച്ചിട്ടില്ലാത്ത മേഖലകളില്‍ കടല്‍വെള്ളം ഇരച്ചുകയറുന്നത് പ്രദേശത്തെ ജനജീവിതം ദുസഹമായി. ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവ് പ്രവര്‍ത്തകരോടൊപ്പം അന്ധകാരനഴിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. അരൂരിലെ സ്ഥാനാര്‍ത്ഥി ടി. അനിയപ്പനും തീരമേഖലയിലെത്തി ചാപ്പക്കടവിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. രജീഷ് വാസുദേവ്, ഷിബുലാല്‍, കെ.പി.ദിലീപ്കുമാര്‍, കെ.കെ.സജീവന്‍, ആന്റണി, പി.കെ.ഷിബു എന്നിവരും ഒപ്പമുായിരുന്നു.
തീരമേഖലയില്‍ കടല്‍ വെള്ളം ഇരച്ചുകയറി വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോയി. തൈക്കല്‍, ആയിരംതൈ എന്നീ പ്രദേശങ്ങളിലാണ് വേലിയേറ്റസമയത്ത് ശക്തമായി തിരയടിച്ച് നിരവധി വീടുകളില്‍ വെള്ളം കയറിയത്. നൂറോളം വീടുകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായി.
പാത്രങ്ങള്‍ ഉള്‍പ്പെടെ തിരയടിച്ചിലില്‍ ഒഴുകിപോയി. തീരത്ത് കയറ്റിവച്ചിരുന്ന വള്ളങ്ങള്‍ മറിഞ്ഞുവീഴുകയും വല മണ്ണിനടയിലാവുകയും ചെയ്തു. പൂര്‍ണമായ കടല്‍ഭിത്തി ഇല്ലാത്തതാണ് കടലാക്രമണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കുറച്ചു ദൂരത്തില്‍ ഇടവിട്ടാണ് ഇപ്പോള്‍ കല്ല് കെട്ടിയിരിക്കുന്നത്. ഇത് ഫലപ്രദമല്ലെന്നും ഇവര്‍ പറയുന്നു.
















