കൊട്ടാരക്കര: ജനഹിതം പെട്ടിയിലായി ഇനി കൂട്ടികിഴിക്കലുകള്‍. ജനഹിതം പെട്ടിയിലായി കഴിഞ്ഞതോടെ ഇനിയുള്ള രണ്ട് ദിനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും നേതാക്കളും കൂട്ടിയും കിഴിച്ചും വിജയമെങ്ങനെ ഉറപ്പിക്കാം എന്ന ആലോചനയിലാണ്. മണ്ഡലത്തിലെ പോളിങ് തങ്ങള്‍ വിചാരിച്ചതുപോലെ എത്തിയെന്നത് ഗുണകരമാവുമെന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളും ഉറപ്പിച്ച് പറയുന്നു.
ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കിയത് വോട്ടെടുപ്പ് തടസപ്പെടാന്‍ കാരണമായി. കമ്പംകോട് ബൂത്തില്‍ ഇതുമൂലം രാവിലെ 10നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. കുളക്കട 10-ാം നമ്പര്‍ ബൂത്തിലും അരമണിക്കൂറോളം യന്ത്രം തകരാറിലായി. തലച്ചിറയില്‍ വിരലില്‍ പതിക്കാനുള്ള മഷി തീര്‍ന്നതിനെ തുടര്‍ന്ന് അല്‍പനേരം വോട്ടെടുപ്പ് തടസപ്പെട്ടു. തേവലപ്പുറം ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ കാര്‍ത്ത്യായാനിക്ക് ഷോക്കേറ്റു. സമീപത്ത് ഘടിപ്പിരുന്ന ട്യൂബിലെ കേബിള്‍ ഇന്‍സുലേഷന്‍ ഇല്ലാത്തതായിരുന്നു കാരണം. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും രാവിലെ തന്നെ വോട്ടു ചെയ്യിക്കുന്നതില്‍ നേതാക്കള്‍ വിജയിച്ചു. തങ്ങള്‍ക്കു സ്വാധീനമുള്ള വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ മഴയെ വകവെക്കാതെ ഓടിനടന്നു. രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തിയ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്ഥികളും പ്രമുഖനേതാക്കളും രാവിലെ തന്നെ ബൂത്തില്‍ എത്തി വോട്ട് ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്‍ വെളിയം യുപിസ്‌കൂളിലെ 126 നമ്പര്‍ ബൂത്തില്‍ രാവിലെ 7.30ന് അമ്മ രാജമ്മ മക്കളായ രമ്യ, അനുരൂപ് എന്നിവരോടൊപ്പമെത്തി വോട്ട് രേഖപെടുത്തി. ഇടതുസ്ഥാനാര്‍ഥി അയിഷാപോറ്റി രാവിലെ 7.15ന് വീടിനു സമീപമുള്ള പടിഞ്ഞാറ്റിന്‍കര മന്നം മെമ്മോറിയല്‍ സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.’ഭര്‍ത്താവ് ശങ്കരന്‍പോറ്റിക്കും മക്കളായ സൂരജിനും രശ്മിക്കും ഒപ്പമെത്തിയാണ് വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി സവിന്‍ സത്യന്‍ എഴുകോണ്‍ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഭാര്യ മിലിക്കും ഒപ്പം രാവിലെ ഏഴേമുക്കാലോടെ എത്തി വോട്ട് ചെയ്തു.
മാറ്റത്തിന്റെ കാറ്റ് കൊട്ടാരക്കരയിലും വീശുമെന്നും പ്രചാരണത്തില്‍ തന്നെ അത് ബോധ്യപ്പെട്ടെന്നും രാജേശ്വരി രാജേന്ദ്രന്റെ പറഞ്ഞു. ഹാട്രിക് തികക്കാന്‍ കഴിയുമെന്ന് അയിഷാപോറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ വികസന മുരടിപ്പിനെതിരായ ജനവിധിയുണ്ടാകുമെന്നും അത് തനിക്കനൂകൂലമാകുമെന്നും സവിന്‍ സത്യന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കര ടൗണ്‍ യുപിസ്‌കൂളിലെ 74-ാം നമ്പര്‍ ബൂത്തിലും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള കൊട്ടാരക്കര ഡയറ്റിലെ 78-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു.
കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ എങ്ങും ഉണ്ടായില്ല. പ്രശ്‌നബാധിത ബൂത്തുകളായി നിശ്ചയിച്ചിരുന്നവയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പോലീസും കേന്ദ്രസേനയും എല്ലായിടങ്ങളിലും ജാഗ്രത പുലര്‍ത്തിയതിനാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
















