കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ജില്ലയില്‍ ആദ്യമായി 13 മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം. ഇരുമുന്നണികളും മാറിമാറി ജയിച്ചിരുന്ന മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ശക്തമായ കടന്നുവരവോടെയാണ് ഫലം പ്രവചനാതീതമാക്കുന്ന നിലയില്‍ ത്രികോണ മത്സരമായി മാറിയിരിക്കുന്നത്. നിലവിലുള്ള എംഎല്‍എമാര്‍ പരാജയഭീതിയിലാണ്. കുറ്റിയാടിയില്‍ കെ.കെ. ലതിക, കോഴിക്കോട് നോര്‍ത്തില്‍ എ.പ്രദീപ്കുമാര്‍, കോഴിക്കോട് സൗത്തില്‍ ഡോ. എം.കെ. മുനീര്‍ വടകരയില്‍ സി.കെ. നാണു, കുന്ദമംഗലത്ത് പി.ടി.എ. റഹീം എന്നിവര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ന്നുകഴിഞ്ഞു. മറ്റ് മണ്ഡലങ്ങളിലും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയഭീതിയിലാണ്.
എന്‍ഡിഎ സഖ്യത്തിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇരുമുന്നണികളുടെയും ഉറക്കം കൊടുത്തുന്നത്. അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തോടൊപ്പം പ്രചാരണ പ്രവര്‍ത്തനത്തിലും സാമൂഹ്യ മാധ്യമങ്ങളിലെ പ്രവര്‍ത്തനമികവും എന്‍ഡിഎ സഖ്യത്തിനെ മുന്നിലെത്തിച്ചു.
കുടുംബയോഗങ്ങളിലും ഗൃഹസമ്പര്‍ക്കത്തിലും ഏറെ മുന്നിലെത്താന്‍ എന്‍ഡിഎ സഖ്യത്തിന് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വീടുകള്‍ സമ്പര്‍ക്കം ചെയ്തത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായിരുന്നു. അവസാനഘട്ടത്തില്‍ ഓരോ ബൂത്തിലും മുഴുവന്‍ സമയപ്രവര്‍ത്തകരെ തയ്യാറാക്കിക്കൊണ്ടാണ് ബൂത്തുതല പ്രവര്‍ത്തനത്തില്‍ എന്‍ഡിഎ മുന്നിലെത്തിയത്.
എല്ലാ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ കുടുംബസംഗമങ്ങള്‍ നടന്നു. കോഴിക്കോട് നോര്‍ത്തില്‍ 82 കുടുംബസംഗമങ്ങളാണ് നടന്നത്. എന്‍ഡിഎ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ ശക്തമായ സാന്നിധ്യമുണ്ടായത് ഏറെ ആവേശം തരുന്നതാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. സ്ത്രീകളുടെ വാഹനപ്രചാരണം, സ്ത്രീകള്‍ മാത്രം പങ്കെടുത്ത പ്രകടനം, ശക്തിസംഗമം എന്ന പേരില്‍ ബേപ്പൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ കവിയൂര്‍ പൊന്നമ്മ പങ്കെടുത്ത സ്ത്രീസംഗമങ്ങള്‍ എന്നിവ എടുത്തുപറയത്തക്കതാണ്. ജില്ലയിലെ എല്ലാ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും നടത്തിയ സമ്പര്‍ക്കം സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴ്‌ത്തുമെന്നുറപ്പായി.
നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലായിരുന്നു. നഗരകേന്ദ്രങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലയിലും ഈ രംഗത്തെ പ്രവര്‍ത്തനം സജീവമായി. കേന്ദ്രതെരഞ്ഞെടുപ്പ് ഓഫീസ് മുതല്‍ ബൂത്ത്തലം വരെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇത് ഉപകരിച്ചു.
തെരുവ് നാടകസംഘം, വീഡിയോ പ്രദര്‍ശനം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും സംപ്രേഷണം ചെയ്തത്. സംഭാരചര്‍ച്ച, എന്റെ കേരളം എന്ന സവിശേഷതയാര്‍ന്ന പരിപാടിയോടെ കുമ്മനം രാജശേഖരനുമായി നടന്ന മണ്ഡലംതല ചര്‍ച്ച തുടങ്ങി നിരവധി പ്രത്യേകതയാര്‍ന്ന പരിപാടികളാണ് ബിജെപി നടപ്പാക്കിയത്. യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍മുന്നേറ്റമാണ് എന്‍ഡിഎ നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇരുമുന്നണികള്‍ക്കും തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പ് പാളയം ഉണ്ടാകുമെന്നു തന്നെയാണ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം.
















