കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തുകള്‍ ഇന്നലെ വൈകിട്ടോടെ സജ്ജമായി. മണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികള്‍ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും, പൂഞ്ഞാര്‍ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡോമിനിക്‌സ് സ്‌കൂളില്‍ നിന്നും വിതരണം ചെയ്തത്. പൂഞ്ഞാര്‍ മണ്ഡലത്തിലേക്കുള്ള വിതരണം സെന്റ് ഡോമിനിക്‌സ് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തിലും, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കെട്ടിടത്തിലുമാണ് നടന്നത്. 154 പോളിങ് ബൂത്തുകളുള്ള കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കായി 689 ഉദ്യോഗസ്ഥരും, 161 ബൂത്തുകളുള്ള പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലേക്ക് 710 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്.ഇത് കൂടാതെ ഉദ്യോഗസ്ഥരെയും, വോട്ടിങ് മെഷീനുകളും റിസര്‍വ്വായും കരുതിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ 24 വോട്ടിങ് യന്ത്ര യൂണിറ്റുകളും, 96 ഉദ്യോഗസ്ഥരെയും കരുതലായി എര്‍പ്പെടുത്തിയിട്ടുണ്ട്. പൂഞ്ഞാറിലേക്ക് 29 വോട്ടിങ് യന്ത്രങ്ങളും കൂടുതലായി കരുതിയിട്ടുണ്ട്. ഉച്ചയ്‌ക്ക് ഒന്നരയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. വൈകിട്ട് നാലിന് മുമ്പ് മണ്ഡലങ്ങളിലെ പോളിങ് ഉദ്യോഗസ്ഥരെയും, സാമഗ്രികളും വഹിച്ചു കൊണ്ട് വാഹനങ്ങള്‍ അതാത് ബൂത്തുകളിലെത്തി. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വിവിധ ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെയും, പോളിങ് സാമഗ്രികളെയുമായി 21 ബസുകളും, നാല് മിനി ബസുകളും, 11 ജീപ്പുകളുമാണ് പോയത്. പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലേക്കായി 20 ബസുകളും, നാല് മിനി ബസുകളും, 21 ജീപ്പുകളുമാണ് പോയത്.
















