ആലപ്പുഴ: സമസ്ത മേഖലയിലും ജില്ലയെ പിന്നോട്ടടിച്ചവര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും ബിജെപിയെ മുഖ്യശത്രുവായി കാണുന്നുവെന്നതുതന്നെ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നതാണ്. എല്ലാ രംഗത്തും കേരളവും പ്രത്യേകിച്ച് ആലപ്പുഴയും പിന്നാക്കം പോയി. രണ്ടുമുന്നണികളും ഈ ദുരവസ്ഥയ്‌ക്ക് ഉത്തരവാദികളാണ്. പൊതുകടം ഏറ്റവും കൂടതല്‍ ഉള്ളത് കേരളത്തിലാണ്. കടം വാങ്ങി ശമ്പളവും പെന്‍ഷനും ക്ഷേമപ്രവര്‍ത്തനങ്ങളും നല്‍കേണ്ട ഗതികേടാണ് സര്‍ക്കാരിന്റേത്. കൃത്യമായ തൊഴില്‍നയം പോലും അവതരിപ്പിക്കാന്‍ ഇതുവരെ മാറിമാറി ഭരിച്ച ഇരുമുന്നണികള്‍ക്കും കഴിഞ്ഞില്ല. കാര്‍ഷിക സമൃദ്ധി അന്യമാകുന്നു.
സമൃദ്ധ കേരളത്തെ ഇവര്‍ ദരിദ്രകേരളമാക്കി മാറ്റി. എട്ടുമാസം മഴയുള്ള നാട്ടില്‍ കുപ്പിവെള്ളം വാങ്ങി കുടിക്കേണ്ട ഗതികേടിലാണ് നമ്മള്‍. ആലപ്പുഴ കുടിവെള്ള പദ്ധതി എവിടെയെത്തിയെന്ന് ആര്‍ക്കുമറിയില്ല. ഹരിപ്പാട് പ്രഖ്യാപിച്ച 2000 കോടിയുടെ പദ്ധതി കടലാസിലൊതുങ്ങുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല.
കര്‍ഷകര്‍ക്ക് യഥാസമയം നെല്ലുവില നല്‍കാതെ അവരെ മില്ലുകാരുടെ ചൂഷണത്തിന് വിധേയരാക്കുകയാണ് സര്‍ക്കാര്‍. ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മോഡേണ്‍ റൈസ് മില്ലിലെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ അനാഥമാണ്. വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള ട്രോമാകെയര്‍ സംവിധാനംപോലുമില്ല. ഹരിപ്പാട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് പദ്ധതി ശുദ്ധതട്ടിപ്പാണ്.
കളങ്കിത വ്യക്തിത്വങ്ങളും ബിസിനസുകാരുമാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. സര്‍ക്കാരിന് കേവലം 24 ശതമാനം മാത്രമാണ് ഇതില്‍ ഷെയറുള്ളത്. കൃഷിഭൂമി നികത്തി സ്വകാര്യ മേഖലയ്‌ക്ക് സര്‍ക്കാര്‍ പണം കൊള്ളയടിക്കാന്‍ അനുവദിക്കുകയാണ് രമേശ് ചെന്നിത്തലയും സര്‍ക്കാരും. ഇതിന് എല്‍ഡിഎഫ് ഒത്താശ ചെയ്യുകയാണെന്നും സോമന്‍ ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ സമ്പൂര്‍ണമായി സര്‍ക്കാര്‍ അവഗണിച്ചു.
കടലില്‍ കായംകലക്കുന്നതുപോലെ കോടികളുടെ കല്ലുകള്‍ കടലില്‍ ഒഴുക്കിക്കളയുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പലയിടങ്ങളിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പട്ടികജാതി കുടുംബങ്ങള്‍ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിക്കേണ്ട ഗതികേടിലാണ്.
ശ്രീനാരായണ ഗുരുദേവനെ കയറില്‍ കെട്ടിവലിച്ചവര്‍ക്കും ശ്രീനാരായണ പ്രസ്ഥാനത്തെ അപമാനിച്ചവര്‍ക്കും ജനം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
















