സ്വന്തം ലേഖകന്‍
ആറന്മുള: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. രമേശ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ജനകീയ പ്രശ്നങ്ങള്‍ അതീവശ്രദ്ധ നേടുന്നു. പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ മണ്ഡലത്തിലെ നിരവധി കോളനികളിലേക്ക് കടന്നു ചെന്ന് അവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരോടു നേരിട്ട് സംവദിക്കുകയും ചെയ്താണ് മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ രമേശ് മനസ്സിലാക്കിയത്. സാധാരണക്കാരായ സമ്മതിദായകരുടെ ഇടയില്‍ രമേശിന്റെ ഈ പ്രവര്‍ത്തനം ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപെടുന്നത്.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ബിജെപി ഏറെ പ്രതീക്ഷ വച്ച്പുലര്‍ത്തിയ മണ്ഡലമാണ് ആറന്മുള. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ അണികള്‍ ആവേശത്തിലായിരുന്നു. ജനകീയ പ്രശ്നങ്ങളില്‍ എന്നും സജീവമായി ഇടപെടുന്ന നേതാവാണ് തങ്ങളെ നയിക്കാന്‍ എത്തുന്നത് എന്ന അറിവാണ് അവേശത്തിന് കാരണമെന്ന് ആറന്മുള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ വ്യക്തമാക്കുന്നു.
ഇതിന് അടിവരയിടുന്നതാണ് രമേശിന്റെ പല പ്രഖ്യാപനങ്ങളെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ആറന്മുളയുടെ പൈതൃകം കാത്തു സൂക്ഷിക്കുക എന്നതാണ് തന്റെ മുഖ്യ കര്‍ത്തവ്യം എന്ന സ്ഥാനാര്‍ത്ഥിയുടെ ആദ്യപ്രഖ്യാപനം തന്നെ ആറന്മുളക്കാര് ആവേശത്തോടെയാണ് ഏറ്റെടുത്തത്. പള്ളിയോടങ്ങളും ആറന്മുളക്കണ്ണാടിയുമൊക്കെ കനം പകരുന്ന നാട്ടുസംസ്കാരത്തിന്റെ സംരക്ഷണത്തിനു വില ഏറെയാണെന്ന് എം.ടി. രമേശിന് നന്നായറിയാം. ആറന്മുള വിമാനത്താവളവുമായി ബന്ധപെട്ട വിഷയങ്ങളിലും വ്യക്തമായ നയങ്ങളോടെയാണ് അദ്ദേഹം ജനങ്ങളോട് സംവദിച്ചതെന്നും പൈതൃകഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകരും അടിവരയിടുന്നു. ആറന്മുളയിലെ വിമാനത്താവളം അടഞ്ഞ അദ്ധ്യായമാണ് എന്ന് പലവുരു വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷകാലത്ത് പമ്പയിലൂടെ ഒഴുകിയെത്തുന്ന അധിക ജലം ശേഖരിക്കേണ്ട വയലേലകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് പാകുന്നതിനോട് യോജിക്കാനാവില്ലെന്നും അത് കൊടിയ വെള്ളപൊക്കത്തിനും, അതി രൂക്ഷമായ ജല ദൗര്‍ലഭ്യത്തിനും കാരണമാകുമെന്നും കണക്കുകള്‍ ഉദ്ധരിച്ച് വിമാനത്താവള വിരുദ്ധ സമരവേദികളില്‍ എം.ടി.രമേശ് പലവുരു വ്യക്തമാക്കിയിരുന്നു.അതേസമയം ജില്ലയിലെ പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തോട് മുഖം തിരിച്ചു നില്ക്കാന് തനിക്കോ താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയ്ക്കോ ആവില്ലെന്ന് എം.ടി രമേശ് വെളിപ്പെടുത്തിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ ഒരു വിമാനത്താവളം എന്ന ആശയത്തോട് യോജിക്കുന്നെന്നും അതിനു ഉപയുക്തമായ പദ്ധതികള്‍ ബഹുജനങ്ങളുമായി ആലോചിച്ചു തയ്യാറാക്കുമെന്നും മണ്ഡലത്തിലെ വിവിധ സ്വീകരണ യോഗങ്ങള്‍ക്കുള്ള മറുപടിയായി എം.ടി രമേശ് പറയുന്നകാര്യവും സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പ്രചാരണത്തിലുടനീളം ബിജെപി യുടെ പ്രഖ്യാപിത ലക്ഷ്യമായ എല്ലാവര്ക്കും വെള്ളം, മണ്ണ്, പാര്‍പ്പിടം, തുല്യ നീതി എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയുള്ള എന്‍ഡിഎയുടെ പ്രചരണം ഇടതു വലതു മുന്നണികളില്‍ ആശങ്കയുളവാക്കുന്നു. കോണ്‍ഗ്രസ് കൊട്ടി ഘോഷിക്കുന്ന വികസനം നേരിട്ടറിയണമെങ്കില്‍ ദളിത് കോളനികളിലേക്ക് കടന്നു ചെല്ലൂ എന്ന് സ്ഥലം എംഎല്‍എആയ യു ഡിഎഫ് സ്ഥാനാര്‍ത്ഥിയോട് ആഹ്വാനം ചെയ്തത് ദളിതരുടെ യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് പൊതു സമൂഹത്തിന്റെ ശ്രദ്ധയെ ക്ഷണിക്കാനായിരുന്നുവെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പത്തനംതിട്ടയില്‍ വനിതകളുടെ മഹാസംഗമത്തില്‍ ‘ഒരു വീട്ടിലെ ഒരു സ്ത്രീക്ക് തൊഴില്‍’ എന്ന പ്രഖ്യാപനത്തെ വലിയ ഹര്‍ഷാരവത്തോടെ സ്ത്രീകള്‍ എതിരേറ്റത് ശുഭസൂചനയായി കാണാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രചാരണ വഴികളില്‍ കണ്ടു മുട്ടിയ പലരുടേയും ജീവനം അതീവ ദുരന്ത പൂര്‍ണമാണ്. ഇത് പരിഹരിക്കപെടണമെങ്കില്‍ സ്ത്രീകള്‍ വരുമാനമുള്ളവരാകണം. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് അതിനുതകുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് ഈ പ്രഖ്യാപനത്തെപ്പറ്റി എം.ടി.രമേശിന്റെ വിശദീകരണം. ശൂദ്ധജല ക്ഷാമം അടിയന്തിരമായി പരിഹരിക്കും. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും, ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിക്കു വേണ്ടി പോരാട്ടം നടത്തും. അതിനുവേണ്ടി പാട്ടക്കാലവധി തീര്‍ന്ന ഭൂമികള്‍ തിരിച്ചു പിടിക്കും. തുടങ്ങിയ പദ്ധതികളാണ് എം.ടി.രമേശ് മുന്നോട്ടു വെയ്ക്കുന്നത്. വിശക്കുന്നവരോടും, ദാഹിക്കുന്നവരോടും വോട്ടു ചോദിക്കാന്‍ എനിക്ക് കഴിയുന്നില്ലെന്ന് വരെ അദ്ദേഹം ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നതായി പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
കേരള നിയമസഭയില്‍ തീര്‍ച്ചയായും എത്തപെടേണ്ട രാഷ്ട്രീയ നേതാവാണ് എം.ടി. രമേശ് എന്ന് എതിരാളികള്‍ പോലും തുറന്നു സമ്മതിക്കുന്നു. അതിനു ബലം പകരുന്നതാണ് അദ്ദേഹത്തിന്റെ പൊതു യോഗങ്ങളിലെ വന്‍ ജനസാനിദ്ധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: