പത്തനംതിട്ട: മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മുന്നണി അട്ടമറി വിജയം നേടുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍കുളനട പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ജനഹിതം 2016 ചര്‍ച്ചാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മാറിമാറുവരുന്ന മുന്നണി ഭരണവും കേന്ദ്രത്തിലെ മോദിസര്‍ക്കാരിന്റെ ഭരണവും തമ്മിലുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ്. വികസന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത്. ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം വര്‍ദ്ധിച്ചുവരുന്നു. സ്ത്രീ സമൂഹം ഈ തെരഞ്ഞെടുപ്പില്‍ ഇതിനെതിരേ പ്രതികരിക്കും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടാവുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാട്ടുന്ന ജാഗ്രത ഇവിടെ നിഷ്ഠൂരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കാണാറില്ല. തെരഞ്ഞെടുപ്പില്‍ വികസനത്തിനുവേണ്ടിയുള്ള വോട്ടായിരിക്കണം രേഖപ്പെടുത്തേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് ലഭിച്ച വോട്ടിലുണ്ടായ കാര്യമായ വര്‍ദ്ധനവും ബിഡിജെഎസുമായുള്ള സഖ്യവുമാണ് എന്‍ഡിഎയുടെ കരുത്ത്. ബംഗാളിലെ കോണ്‍ഗ്രസ് -സിപിഎം കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ആദിവാസി കോളനികളില്‍ ചില ഇടങ്ങളില്‍ സോമാലിയയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെന്നാണ് പ്രധാനമന്ത്രി നല്കിയ സൂചന. കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് നേരത്തെ കണ്ടെത്തിയിരുന്നു. പട്ടികജാതി കോളനികള്‍ക്ക് അനുവദിച്ച ഫണ്ട് വിനിയോഗം കാര്യക്ഷമമല്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം. സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണം. മണ്ണും ജലവും സംരക്ഷിക്കുന്ന പരിസ്ഥിതി സൗഹൃദ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിലെ പ്രതികളെ രക്ഷപെടുത്താന്‍ ആരൊക്കെയോ താല്പര്യം കാട്ടുന്നതായും പോലീസ് തെളിവുകള്‍ നശിപ്പിച്ചതായും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്നും ജില്ലയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയ്ക്ക് നേതൃത്വം നല്കുന്ന സിപിഎം കോര്‍പ്പറേറ്റ് പാര്‍ട്ടിയായി മാറിയെന്നും കെപിസിസി സെക്രട്ടറി പഴകുളം മധുപറഞ്ഞു. വികസന വിരോധികളായ ഇടതുപക്ഷം സംസ്ഥാനത്ത് മുതല്‍മുടക്കാനെത്തുന്ന നിക്ഷേപകരെ തടയുന്നു. ബംഗാളില്‍ പാര്‍ട്ടി ഓഫീസ് തുറക്കുവാന്‍ കോണ്‍ഗ്രസിന്റെ സഹായം തേടേണ്ട ഗതികേടിലാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനാവശ്യം പരിസ്ഥിതി സൗഹൃദ പദ്ധതികളും വികസനവുമാണെന്ന് സംവാദത്തില്‍ പങ്കെടുത്ത മൂന്ന് നേതാക്കളും പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എബ്രഹാം തടിയൂര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: