അമ്പലപ്പുഴ: പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ഭൂമിയും പോഷകാഹാരവും സര്‍ക്കാര്‍ അട്ടിമറിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് സര്‍ക്കാര്‍ അവഗണനയെത്തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നരകയാതനയില്‍ കഴിയുന്നത്.
മൂന്നുസെന്റ് സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ വീട്ടില്‍ മൂന്നു കുടുംബങ്ങള്‍വരെയാണ് കഴിയുന്നത്. അടിസ്ഥാന സൗകര്യവും കുടിവെള്ളവും ലഭിക്കാതെ തീര്‍ത്തും ഒറ്റപ്പെട്ടുകഴിയുന്ന ഈ വിഭാഗത്തെ മുഖ്യധാരയില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ക്ക് 25 സെന്റ് ഭൂമി വീതം സര്‍ക്കാര്‍ അനുവദിച്ചത്.
സ്ഥലം വാങ്ങാന്‍ ഒരു കുടുംബത്തിന് പട്ടിക വര്‍ഗ്ഗ ഫണ്ടില്‍നിന്നും പത്തുലക്ഷം രൂപ വീതവും അനുവദിച്ചു. ഇതനുസരിച്ച് കരുവാറ്റ, തകഴി, പുറക്കാട് ഭാഗങ്ങളില്‍ സ്ഥലവും കണ്ടെത്തി. എന്നാല്‍ ഇത് ഇവര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കൂടാതെ ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അനുവദിച്ചിരുന്ന അരിയും പയറും സൗജന്യമായി നല്‍കിവന്ന പദ്ധതിയും അട്ടിമറിച്ചു.
പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ദേശീയപാതയ്‌ക്ക് പടിഞ്ഞാറ് പതിനഞ്ചോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ ദുരിത്തിലായിരിക്കുന്നത്. ഈ കുടുംബങ്ങളിലെ ഭൂരിഭാഗം ആളുകളും വിധവകളും രോഗികളുമാണ്. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കോടികളുടെ ഫണ്ട് ഉണ്ടെന്നിരിക്കെ ഇത് പ്രയോജനപ്പെടുത്താതെ അവഗണിക്കുകയാണ് സര്‍ക്കാര്‍.
വോട്ടിനുവേണ്ടിപോലും ഇവിടെ രാഷ്‌ട്രീയക്കാര്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്.
















