കൊച്ചി: കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ സ്ഥിരീകരിച്ചും ന്യായീകരിച്ചും അതില്‍ അഭിമാനിച്ചും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം പാര്‍ട്ടി അണികളിലും അമര്‍ഷം നിറയ്ക്കുന്നു. കോണ്ഗ്രസുമായുണ്ടാക്കിയിട്ടുള്ള സഖ്യം പശ്ചിമബംഗാളില്‍ മാത്രമല്ല കേരളത്തിലും ഗുണകരമാണെന്ന് യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി അണികളെ രോഷാകുലരാക്കിയിട്ടുള്ളത്.
”2004 ല്‍ അടല്‍ബിഹാരി വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതു-പാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ചപ്പോള്‍ കേരളത്തിലെ 20 ലോക്സഭാ സീറ്റില്‍ 18 സീറ്റും നേടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. ഇതിനു മുന്‍പോ പിന്‍പോ ഇങ്ങനെയൊരു നേട്ടം നമുക്കുണ്ടായിട്ടില്ല. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. മന്മോഹന് സിങ്ങിന് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ കഴിഞ്ഞ് ഞങ്ങളുടെ പിന്തുണകൊണ്ടാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അന്ന് കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 ല്‍ 100 സീറ്റും ഇടതുപാര്‍ട്ടികള്‍ നേടുകയുണ്ടായി.” കൊല്‍ക്കത്തയില്‍ നിന്നിറങ്ങുന്ന ‘ടെലഗ്രാഫ്’ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരി കോണ്‍ഗ്രസ് സഖ്യത്തില്‍ ഇങ്ങനെ അഭിമാനം കൊണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ലീനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഖ്യമുണ്ടാക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അത് പാടെ നിഷേധിക്കുകയാണ് കേരളാ ഘടകത്തെ നയിക്കുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചെയ്തത്. പിന്നീട് കേന്ദ്ര കമ്മറ്റിയുടെ അനുമതിയോടെ കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യം ബംഗാളില്‍ യാഥാര്‍ത്ഥ്യമായതോടെ പിണറായിയും കോടിയേരിയും അതിനെക്കുറിച്ച് നിശബ്ദരായി. കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് ഇരുവരും സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ കോണ്‍ഗ്രസും ബിജെപിയുമായി കേരളത്തില്‍ സഖ്യമാണെന്ന് കുപ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായിയും കോടിയേരിയും ചെയ്തത്. ഇതിനിടെയാണ് കോണ്‍ഗ്രസ്-ഇടതു സഖ്യം പാര്‍ട്ടിക്ക് വിജയമായിരുന്നുവെന്ന പ്രസ്താവന നടത്തി യെച്ചൂരി കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയുടെ പ്രചാരണത്തെ തകര്‍ത്തുകളയുന്ന ഒരു പ്രസ്താവന യെച്ചൂരി നടത്തിയതാണ് പിണറായി നയിക്കുന്ന കേരളഘടകത്തെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രചാരണത്തിന്റെ നിര്‍ണായക ഘട്ടത്തിലായതുകാരണം ഇക്കാര്യം തുറന്നുപറയുന്നില്ലെന്നു മാത്രം. അതേസമയം, യെച്ചൂരി കാണിച്ചത് കൊലച്ചൊതിയാണെന്ന് സ്വകാര്യ സംഭാഷണങ്ങളില്‍ സിപിഎം നേതാക്കള്‍ പറയുന്നുണ്ട്. ഇത് അണികളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ ജീവന്മരണ പോരാട്ടം നടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ സീതാറാം യെച്ചൂരി ഇങ്ങനെ കോണ്‍ഗ്രസിന്റെ ‘കൈ’ മുത്താന്‍ പാടില്ലായിരുന്നു എന്നാണ് അണികള്‍ പലരും പാര്‍ട്ടിക്കുള്ളില്‍ രോഷത്തോടെ പ്രതികരിക്കുന്നത്.
കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തന്നെ സമ്മതിച്ചതോടെ ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസുമായി സിപിഎമ്മിന് ഗുസ്തി-ദോസ്തി ബന്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ഷേപത്തിന് മറുപടി നല്കാന് സിപിഎം നേതൃത്വത്തിന് കഴിയുന്നുമില്ല. ഇതിന് അവര്‍ യെച്ചൂരിയെ പഴിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറി തന്നെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: