നിന്റെ പിതാവാകട്ടെ മുനിശാപവൃത്താന്തം കേട്ടപ്പോള്‍ സ്വദേഹമമതമൂലം തന്റെ അരോഗദൃഢഗാത്രത്തെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന തീരുമാനമെടുത്തു. ഔഷധം, മന്ത്രമണികള്‍, യന്ത്രങ്ങള്‍, എന്നിവയെല്ലാം സംഘടിപ്പിച്ച് അദ്ദേഹം എഴുനിലമാളികയ്‌ക്ക് മുകളില്‍ സ്വരക്ഷാര്‍ത്ഥം കയറിയിരുന്നു. എന്നാലോ, സ്‌നാനം, ദാനം, ദേവീപൂജകള്‍ ഇവയൊന്നും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചില്ല.
ഭൂമിയില്‍ തറതൊട്ടു കിടന്നുമില്ല. തനിക്ക് വന്നിട്ടുള്ള വിധിവിഹിതം അലംഘനീയമാണെന്ന് ഓര്‍ത്തില്ല. കലി ബാധിക്കയാല്‍ മുനിയെ നിന്ദിച്ചു പാപിയായിത്തീര്‍ന്ന രാജാവ് മോഹക്കടലില്‍ വീണുമുങ്ങി, മാളികമുകളിലായിട്ടുപോലും തക്ഷകദംശനമേറ്റ് മരിക്കുകയാണുണ്ടായത്. അതിനാല്‍ നിന്റെ അച്ഛനെ പാപത്തില്‍ നിന്നും കരകയറ്റുന്നത് നിന്റെ ചുമതലതന്നെയാണ്.’
വ്യാസന്‍ ഇങ്ങനെ ഉപദേശിക്കെ കണ്ണീര്‍ പൊഴിച്ചുകൊണ്ട് രാജാവ് പറഞ്ഞു: ‘അച്ഛന്‍ നരകത്തില്‍ കിടക്കുകയാണെങ്കില്‍ എന്റെ ജീവിതം വെറും വ്യര്‍ത്ഥം. അദ്ദേഹത്തിന് സദ്ഗതി ലഭിക്കാനായി എന്തെല്ലാം ചെയ്യണമോ അതെല്ലാം ഞാന്‍ ഉടനേ തന്നെ ചെയ്യുന്നതാണ്.’
















