ചാത്തമംഗലം പഞ്ചായത്തിലെ നായര്‍കുഴി മാളികത്തടം നാല്‌സെന്റ് കോളനി. പതിറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ കോളനിക്ക്. പൂര്‍ത്തിയായ വീടുകള്‍ ചുരുക്കം. പാതിവഴിയിലെത്തിയവ, ചുമരിലവസാനിച്ചുപോയവ, തറയ്‌ക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേല്‍ക്കൂരയുണ്ടാക്കിയവ, ഇതൊന്നുമില്ലാതെ പഴന്തുണിയും പ്ലാസ്റ്റിക് പായയും കൊണ്ട് പൊതിഞ്ഞുകെട്ടിയ കൂരകള്‍ ഇവ കേരളത്തില്‍ നമുക്ക് കാണാനാകുന്ന കാഴ്ചകള്‍. പട്ടികജാതി പട്ടികവര്‍ഗ കോളനികളിലെ ദുരിതകാഴ്ചകള്‍.
മാളികത്തടം കോളനിയിലെ രാജന് പറയാനുള്ളത് വിവേചനത്തിന്റെ കഥകൂടിയാണ്. സിപിഎമ്മുകാര്‍ക്ക് സിന്ദാബാദ് വിളിച്ചില്ലെന്ന കാരണത്താല്‍ ഇന്നുവരെ രാജന്‍ ഭവനനിര്‍മ്മാണ അര്‍ഹതാ ലിസ്റ്റില്‍പെട്ടില്ല. വീടുവെക്കാനുള്ള വായ്‌പയും ലഭിച്ചില്ല. മൈത്രീപദ്ധതിയില്‍ 45,000 രൂപ ലഭിച്ചത് മാത്രമാണ് ഏക സഹായം. മൂന്ന് പെണ്‍മക്കളാണ് രാജന്. അവരെ രണ്ട് പേരെ നഴ്‌സിംഗ് പഠിപ്പിച്ചിട്ടുണ്ട്. അവരുടെ കല്യാണം കഴിയണമെങ്കില്‍ വീടുപോലൊരു രൂപമെങ്കിലും വേണം. അങ്ങിനെയാണ്. കടംവാങ്ങിയും കൊള്ളപ്പലിശയ്‌ക്കെടുത്തും ഒരു താല്‍ക്കാലിക വീട് തട്ടിക്കൂട്ടിയത്. ഇത്തവണ ലിസ്റ്റില്‍ പെട്ടിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് അംഗം പറഞ്ഞത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് മനസ്സിലായത് എന്ന് രാജന്‍ പറയുന്നു.”പട്ടയം കിട്ടാത്ത പലരുമുണ്ടിവിടെ, പട്ടയംകിട്ടിയവര്‍ക്കാകട്ടെ വീട് വെക്കാനുമായിട്ടില്ല. കോളനിയിലെ ശിവന്‍ പറയുന്നു.
പകുതി വീടുകള്‍ക്ക് മാത്രമാണ് കക്കൂസുള്ളത്. ഭാരതമാസകലം സ്വച്ഛഭാരതം കൊണ്ടാടുമ്പോള്‍ ഈ കോളനി നിവാസികള്‍ക്ക് കക്കൂസുപോലും നിഷേധിക്കുകയാണ് പ്രാദേശിക ഭരണകൂടങ്ങള്‍. സാംസ്‌കാരിക നിലയം പണി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതുവരെ അതും പൂര്‍ത്തിയായിട്ടില്ല. ഇതിനെക്കാളൊക്കെ ഭീകരം കുടിവെള്ളത്തിന്റെ കാര്യത്തിലാണ്. കടുത്ത വഞ്ചനയാണ് ഭരണകൂടം ഇവരോട് കാണിച്ചത്. 2005 ജൂലായ് 10ന് മാളികത്തടം കുടിവെള്ളപദ്ധതി എന്ന പേരില്‍ ഉണ്ടാക്കിയ വാട്ടര്‍ ടാങ്ക്, 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 84000 രൂപ മുടക്കി പുനര്‍നിര്‍മ്മിച്ച മാളികത്തടം കോളനി കിണര്‍ എന്നിവയാണ് കുടിവെള്ളത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെ ഭാഗമായാണ് കിണര്‍ കുഴിച്ചത്. എന്നാല്‍ ഇവയൊന്നും കുടിവെള്ളം നല്‍കുന്നില്ല. ഏട്ടിലെ പശു പുല്ലു തിന്നാത്തതുപോലെ മാളികത്തടം കോളനിയിലെ കുടിവെള്ള പദ്ധതികള്‍ വെള്ളത്തിലായിരിക്കുകയാണ്. എന്‍സിപിസി പദ്ധതിപ്രകാരം 18 വീടുകള്‍ക്ക് കുടിവെള്ളം നല്‍കാന്‍ 1250 രൂപ കോളനി നിവാസികളുടെ കയ്യില്‍ നിന്നും ഈയിടെയാണ് പണം പിരിച്ചെടുത്തത്. അതും കുടിവെള്ളം നല്‍കാനായിരുന്നില്ല എന്ന് കോളനി നിവാസികള്‍ മനസിലാക്കി വരികയാണ്.
മാളികത്തടം ശാന്ത, മകള്‍ സിമി എന്നിവരുടെ വീടുപണിയും എങ്ങുമെത്തിയിട്ടില്ല. ഇരുവരും പണിപൂര്‍ത്തിയാകാത്ത വീടുനോക്കി നെടുവീര്‍പ്പിടുകയാണ്. ലോണ്‍തുക മുഴുവന്‍ ലഭിക്കാത്തതാണ് വീടുപണി നിന്നുപോകാന്‍ കാരണം.
സ്ഥലം ഗ്രാമപഞ്ചായത്ത് അംഗം സിപിഎമ്മുകാരന്‍, പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം, എംഎല്‍എ ഇടതുമുന്നണിക്കാരന്‍. ഒന്നിനും ഒരു കുറവുമില്ല. ഇപ്പോഴും വയര്‍ നിറയെ ലഭിക്കുന്നത് വാഗ്ദാനങ്ങള്‍ മാത്രം. ഇവര്‍ വന്നാല്‍ ശരിയാക്കുമത്രെ. എന്ത് എന്നതിനെക്കുറിച്ച് മാത്രമാണ് കോളനിക്കാര്‍ക്കുള്ള സംശയം.

















