ആലപ്പുഴ: മതമില്ലാത്ത ജീവനാണ് തങ്ങളുടെ അണികളുടേതും നേതാക്കളുടേതും എന്ന് കൊട്ടിഘോഷിക്കുന്ന പുരോഗമന പാര്‍ട്ടി പക്ഷെ വോട്ടു നേടാന്‍ സമുദായ സംഘടനയ്‌ക്ക് പണം വരെ നല്‍കും. ഇരട്ടത്താപ്പ് എന്താണെന്ന് ഈ വലിയേട്ടന്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളെ ഓരോ ദിവസവും പുതിയ അഭ്യാസമുറകള്‍ കാണിച്ച് പഠിപ്പിക്കുകയാണ്. പക്ഷെ ഇത്തരത്തില്‍ ഒരു പൂഴിക്കടകന്‍ ആഭ്യാസം നടത്താന്‍ കഴിയുക വലിയേട്ടന്‍ പാര്‍ട്ടിക്ക് മാത്രമാകും.
പുരപ്പുറത്ത് കയറി മതേതരത്വം പ്രസംഗിക്കുകയും കാര്യത്തോട് അടുക്കുമ്പോള്‍ മതനേതാക്കളുടെ കൗപീനം വരെ കഴുകി കെടുക്കാനുമുള്ള തൊലിക്കട്ടി വലിയോട്ടന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. ഇടതുമുന്നണിക്ക് പിന്തുണ നല്‍കുമെന്നും, യുഡിഎഫിനെയും എന്‍ഡിഎയേയും നിലംപരിശാക്കുമെന്നും പത്രസമ്മേളനം നടത്തി ഒരു സമുദായ സംഘടനയുടെ നേതാക്കള്‍ പ്രഖ്യാപിച്ചപ്പോള്‍ കെട്ടിടത്തിന്റെ ചുവരുകള്‍ പോലും കോരിത്തരിച്ചു. പക്ഷെ സമുദായ സംഘടനയുടെയും വലിയേട്ടന്‍ പാര്‍ട്ടിയുടെയും മുഖം മൂടി അധികം താമസിയാതെ അഴിഞ്ഞു വീണു.
സമുദായ സംഘടനയുടെ നേതാക്കള്‍ പത്രസമ്മേളനം നടത്തിയതിന്റെ പണം അടച്ചത് വലിയേട്ടന്‍ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ നിന്നാണ്. ഇതോടെ സമുദായസംഘടനയുടെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് പണം വാരിക്കോരി നല്‍കുന്നതും സമുദായ നേതാക്കളുടെ പഞ്ചനക്ഷത്ര ജീവിതത്തിന്റെ ചെലവ് വഹിക്കുന്നതും ആരാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇടതും വലതും പതിനെട്ട് അടവുകളും പയറ്റുകയാണ്. പക്ഷെ ഇത്തരം തറക്കളി മറ്റൊരു പാര്‍ട്ടിയും ഇതുവരെ ചെയ്തിട്ടുണ്ടാകില്ല.
എല്ലാവരെയും കൊഞ്ഞാണന്‍ എന്നു വിളിച്ച് ആക്ഷേപിച്ച് നടക്കുന്ന വലിയേട്ടന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകട്ടെ താന്‍ തലയില്‍ മുണ്ടിട്ട് സമുദായ നേതാവിനെ കാണാന്‍ പോയത് ജനം അറിഞ്ഞതിന്റെ ജാള്യത്തിലാണ്. ഇക്കാര്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ചൊറിയുന്ന ചോദ്യം ചോദിക്കരുതെന്നായിരുന്നു പതിവ് സ്റ്റെലിലുള്ള നേതാവിന്റെ മറുപടി.
















