കല്‍പ്പറ്റ : ഒരുകാലത്ത് ഊട്ടിയെ ഓര്‍മ്മിപ്പിക്കുംവിധം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്ന വയനാട് വേനലില്‍ ചുട്ടുപൊള്ളുന്നതിന് തടയിടാന്‍ ജില്ലാ ഭരണകൂടം കൈകോര്‍ക്കുന്നു. വരള്‍ച്ച നേരിടുന്നതും തടയുന്നതും സംബന്ധിച്ച് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന് എന്നിവരുടെ ചര്‍ച്ചയില്‍ നന്നും ഉരുത്തിരിഞ്ഞ നൂതന ആശയമാണ് ‘ഗ്രീന്‍ വയനാട് കൂള്‍ വയനാട്’ പദ്ധതി.
കാലാവസ്ഥാ വ്യതിയാനം ചെറുക്കുക, മനുഷ്യനും വന്യമൃഗങ്ങളുമായുള്ള എതിരിടല്‍ ഇല്ലാതാക്കുക, ഗോത്രവിഭാഗങ്ങളെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുക എന്നിവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കാട്ടിലും നാട്ടിലും ജലലഭ്യത ഉറപ്പുവരുത്തുകയാണ് ആദ്യ പടി. മഴവെള്ളം പരമാവധി സംഭരിക്കുന്നതിലൂടെ ഇത് സാധ്യമാകും. വനാതിര്‍ത്തിയില്‍ കിടങ്ങും വനത്തിനുള്ളില്‍ കുളവും നിര്‍മ്മിച്ച് അവയില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുപയോഗിച്ച് വെള്ളം സംഭരിക്കാം. കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്ന യൂക്കാലിപ്റ്റസ്, മാഞ്ചിയം മരങ്ങള്‍ക്കു പകരം നിത്യഹരിത വൃക്ഷങ്ങളായ ദേവതാരു, ഞാവല്‍, പ്ലാശ്, ചെമ്പകം, മുള്ളന്‍കൈത, വാക, മുളകള്‍, അത്തി, നാഗമരം തുടങ്ങിയവ പരമാവധി സംരക്ഷിക്കണം. വനത്തിനുള്ളില്‍ പുല്ലും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കുകയും ചെക്ക് ഡാം പണിത് ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്താല്‍ വന്യമൃഗശല്യം പരമാവധി കുറയ്ക്കാന്‍ സാധിക്കും.
ജില്ലയിലെ കുരങ്ങുശല്യത്തിന്റെ പ്രധാന കാരണം അശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജ്ജനമാണെന്ന് സമിതി വിലയിരുത്തുന്നു. കീടനാശിനികളുടെയും മറ്റും ഉപയോഗത്താല്‍ കുറുക്കന്മാര്ക്ക് വംശനാശം സംഭവിച്ചു. ഇതോടെ കാട്ടുപന്നിക്ക് ഇര കിട്ടാതാവുകയും അവ കൂട്ടത്തോടെ നാട്ടിലിറങ്ങുകയും ചെയ്യുന്നു. കാട് മനുഷ്യര്‍ കൈയ്യടക്കുന്നത് കാടിന്റെ വിസ്തൃതി കുറയാനും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാനും കാരണമാകുന്നു. ജില്ലയില്‍ ഭൂവിസ്തൃതിയുടെ 40% മാത്രമേ വനമുള്ളൂ. അതിനാല്‍ സൂക്ഷ്മതയോടെ വനം സംരക്ഷിച്ചാലേ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുത് തടയാനാകൂ.
ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ ഓരോ ഗോത്രവിഭാഗങ്ങളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും സമിതി വിലയിരുത്തി.
സമിതിയുടെ ആദ്യയോഗം ഡാം സേഫ്റ്റി കമ്മീഷണര്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന് ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ പ്രമോദ് കൃഷ്ണന്, ഡാം സേഫ്റ്റി അതോറിറ്റി അംഗം ഡോ.ജോര്‍ജ്ജ് ജോസഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.രഞ്ജിത്ത് കുമാര്‍, ബി.ഹരിചന്ദ്രന്, ടി.സി.രാജന്, ആര്.ഡെല്‍റ്റോ എല്‍. മറോക്കോയ്, നജ്മല്‍ അമീന്, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധി എ.ടി. ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: