ചാത്തന്നൂര്‍: നാഗരാജാക്കന്മാര്‍ വാണരുളുന്ന കുമ്മല്ലൂര്‍ കളരി ഭഗവതി ക്ഷേത്രങ്ങളെ സാക്ഷ്യം നിര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാറിന്റെ സ്വീകരണപരിപാടികള്‍ക്ക് ആവേശകരമായ തുടക്കം. രാവിലെ 8.30ന് കുമ്മല്ലൂര്‍ മാറാംകുഴിയില്‍ വച്ച് ബി.ജെ.പി ജില്ലാസമിതിയംഗം ബി.സജന്‍ലാല്‍ സ്വീകരണപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി ഗോപകുമാറിനെ ഗ്രാമപഞ്ചായത്തംഗം സുലോചന താമരപ്പൂ നല്‍കി വരവേറ്റു.
കോളനികള്‍ അടക്കം 41 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. മാറ്റത്തിന്റെ പാഞ്ചജന്യം മുഴക്കിയെത്തിയ ബി.ജെ.പിസ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശ്വോജ്ജ്വല വരവേല്പാണ് ലഭിച്ചത്. മാറാംകുഴി ലക്ഷംവീട് കോളനിയില്‍ എത്തിയപ്പോള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം നല്‍കിയത്. ഇടതുപക്ഷത്തിന്റെ ട്രേഡ് യൂണിയന്‍ മാത്രമുള്ള കൈതക്കുഴി കശുവണ്ടി ഫാക്ടറിയില്‍ ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നിരവധി തൊഴിലാളികള്‍ സിഐടിയു യൂണിയന്‍ വിട്ട് ബിജെപി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത് പുത്തന്‍ അനുഭവമായി. പരമ്പരാഗത വ്യവസായ മേഖലയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ തെളിവായി മാറി.
ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റേയും വോട്ടുബാങ്കായ കോളനികളില്‍ അമ്മമാരും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം ആവേശത്തോടെയാണ് ഗോപകുമാറിന്റെ വരവേറ്റത്. ആനുകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ കൂടാതെ മണ്ഡലത്തില്‍ ആറ് പതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും മണ്ഡലത്തെ വികസനത്തില്‍ പിന്നോട്ടടിക്കുകയായിരുന്നു എന്ന് ഗോപകുമാര്‍ പറഞ്ഞു. സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
കാലാകാലങ്ങളായി നാടിന്റെ ആവശ്യങ്ങളോട് ഇരുമുന്നണികളും മുഖം തിരിച്ച് നില്‍ക്കുന്നതിന്റെ മുഖ്യതെളിവാണ് ആദിച്ചനല്ലൂര്‍ ചാത്തന്നൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പള്ളിക്കമണ്ണടി പാലം ഇനിയും യാഥാര്‍ത്ഥ്യമാക്കാത്തത്. ഈ പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് നിരന്തരം വാര്‍ത്തകള്‍ എഴുതിയതിന് ഒരു യുവപത്രപ്രവര്‍ത്തകന് ജീവന്‍ ബലികഴിക്കേണ്ടി വന്നു. അതിന് കാരണക്കാരെ ഇക്കുറി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ നടുക്കിയ ദുരന്തമായിരുന്നു പരവൂര്‍ പുറ്റിംഗല്‍ ദുരന്തം. ഈ ദുരന്തമറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രധാനമന്ത്രിക്ക് ഒരു നിവേദനം പോലും കൊടുക്കാന്‍ സ്ഥലം എംഎല്‍എ തയ്യാറായില്ല. മാത്രമല്ല തൊട്ടടുത്ത് ഉണ്ടായിട്ടും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോലും മെനക്കെട്ടില്ലെന്നും ബി.ബി.ഗോപകുമാര്‍ പറഞ്ഞു. ചാത്തന്നൂര്‍ താലൂക്ക് ആസ്ഥാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ആറ് പതിറ്റാണ്ട് മാറിമാറി തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത കണ്‍സ്ട്രക്ഷന്‍ അക്കാഡമി ഈ നിയോജക മണ്ഡലത്തില്‍ നിന്ന് മറ്റൊരു നിയോജകമണ്ഡലത്തില്‍ പോകാന്‍ ഉണ്ടായ സാഹചര്യം എന്തുകൊണ്ടാണെന്ന് ഗോപകുമാര്‍ ചോദിച്ചു. വഴിയോരങ്ങളില്‍ ജനങ്ങള്‍ നല്‍കിയ ഊഷ്മളമായ വരവേല്‍പ്പ് കാരണം സ്വീകരണ സമ്മേളനങ്ങള്‍ പലതും രാത്രിയോളം നീണ്ടു.
വിവിധ യോഗങ്ങളില്‍ ബി.ഐ.ശ്രീനാഗേഷ്, ബി.സജന്‍ലാല്‍, കെ.പി.എം.എസ്, യൂണിയന്‍ സെക്രട്ടറി ഇത്തിക്കര രാധാകൃഷ്ണന്‍, എസ്.പ്രശാന്ത്, കിഴക്കനേല സുധാകരന്‍, സുഗതന്‍ പറമ്പില്‍, കോയിപ്പാട് സജിവ്, ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.
















