തീവ്രമായ ശത്രുതയൊടെത്തന്നെ കുംഭകര്‍ണന്‍ ശ്രീരാമസേനയുമായി ഏറ്റുമുട്ടി. അനേകം വാനരന്മാരെ പിടിച്ചു വിഴുങ്ങി. അവര്‍ ചെവിയില്‍കൂടി പുറത്തുചാടും. പിന്നെയും വിഴുങ്ങും. സുഗ്രീവന്‍ ഒരുവലിയ മലയെടുത്തെറിഞ്ഞു. കുംഭകര്‍ണന്‍ ശൂലമെടുത്ത് ഒരു കുത്ത്. സുഗ്രീവന്‍ മോഹാലസ്യപ്പെട്ടു. അവനെയും എടുത്തുതോളത്തിട്ടുകൊണ്ട് നടക്കുമ്പോള്‍ രാക്ഷസസ്ത്രീകള്‍ പനിനീര്‍ മഴ ചൊരിഞ്ഞു. അപ്പോള്‍ സുഗ്രീവന് ബോധം തെളിഞ്ഞു.
സുഗ്രീവന്‍ കുംഭകര്‍ണന്റെ മൂക്കും ചെവിയും കടിച്ചു പറിച്ചിട്ട് താഴത്തു ചാടി രക്ഷപ്പെട്ടു. ക്രോധവും അഭിമാനഹാനിയുമുണ്ടായ കുംഭകര്‍ണന്‍ വീണ്ടും യുദ്ധക്കളത്തിലെത്തി. ലക്ഷ്മണന്‍ ശരമാരി ചൊരിഞ്ഞു. അനേകം വാനരന്മാരെ വിഴുങ്ങിക്കൊണ്ട് അവന്‍ രാമന്റെ നേര്‍ക്കണഞ്ഞു. രാമന്‍ ഒരസ്ത്രം കൊണ്ട് കുംഭകര്‍ണന്റെ വലതുകൈയും ശൂലവും അരിഞ്ഞുവീഴ്‌ത്തി. ഇടതുകൈകൊണ്ട് ഒരുമരം പിഴുതെടുത്ത് അവന്‍ പിന്നെയും ആക്രമിക്കാനെത്തി. രാമന്‍ ഇന്ദ്രാസ്ത്രം കൊണ്ട് മരത്തെ ഖണ്ഡിച്ചു.
അര്‍ദ്ധചന്ദ്രാകൃതിയിലുള്ള രണ്ടസ്ത്രംകൊണ്ട് കുംഭകര്‍ണന്റെ രണ്ടുകാലും മുറിച്ചു. വായും പിളര്‍ന്നുകൊണ്ട് മുന്നോട്ടിഴഞ്ഞ അവന്റെ വായില്‍ അസ്ത്രങ്ങള്‍ കൊണ്ടുനിറച്ചു. പിന്നെ രാമന്‍ ഒരമ്പുകൊണ്ട് തലയറുത്തിട്ടു. ആ തല നഗരകവാടത്തിലും ഉടല്‍ കടലിലും ചെന്നുവീണു. കുംഭകര്‍ണന്റെ മരണം കണ്ട് ദേവന്മാര്‍ സന്തോഷനൃത്തവും തുടങ്ങി.
















