ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ ആള്‍ സ്പാനിഷ് ഫൈനലിന് പിന്നാലെ യൂറോപ്പ ലീഗില്‍ സ്പാനിഷ്-ഇംഗ്ലണ്ട് പോരാട്ടം. പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളും സ്പാനിഷ് ടീം സെവിയയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം പാദസെമിയില്‍ സെവിയ ഷക്തറിനെയും ലിവര്‍പൂള്‍ വിയ്യാറയലിനെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മെയ് 18ന് സ്വിറ്റ്‌സര്‍ലന്റിലെ ബാസലില്‍ കലാശപ്പോരാട്ടം.
2001നുശേഷം ആദ്യമായാണ് ലിവര്‍പൂള്‍ യൂറോപ്പ ലീഗിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹതനേടുന്നത്. സെവിയയാകട്ടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ചാമ്പ്യന്മാരാണ്. തുടര്‍ച്ചയായ മൂന്നാം ഫൈനലിനിറങ്ങുന്ന അവര്‍ ഹാട്രിക്ക് കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇരുടീമുകളും ആദ്യമായാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ലിവര്‍പൂള്‍ നാലാം തവണയാണ് ഫൈനലില്‍ കളിക്കുന്നത്. മുമ്പ് മൂന്നുതവണ ഫൈനലില്‍ കളിച്ചപ്പോഴും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ സെവിയ മുമ്പ് നാല് തവണ ഫൈനലില്‍ കളിച്ചപ്പോഴും കിരീടം നേടി. ഇത്തവണ അവരുടെ ലക്ഷ്യം അഞ്ചാം കിരീടം.
ആദ്യപാദത്തില്‍ വിയ്യാറയലിനോട് 1-0ന് പരാജയപ്പെട്ട ലിവര്‍പൂള്‍ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ കണക്കുതീര്‍ത്തു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിയ്യയെ തകര്‍ത്ത് 15 വര്‍ഷത്തിനുശേഷം അവര്‍ കലാശക്കളിക്ക് യോഗ്യത നേടി. ഇരുപാദങ്ങളിലുമായി 3-1ന്റെ തകര്‍പ്പന്‍ വിജയം.
എവേ മത്സരത്തില്‍ ഒരു ഗോള്‍ തോല്‍വി വഴങ്ങേണ്ടിവന്ന ലിവര്‍പൂളുകാര്‍ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ വിയ്യാറയലിനെ തലപൊക്കാന്‍ അനുവദിച്ചില്ല. തുടക്കത്തില്‍ ആക്രമണ-പ്ര്യത്യാക്രമണങ്ങളിലൂടെ ഒപ്പത്തിനൊപ്പം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഏഴാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ വിയ്യയെ തളര്‍ത്തി. ബോക്‌സിലുണ്ടാ കൂട്ടപ്പൊരിച്ചിലിനിടയിലാണ് ബ്രൂണോ സൊറിനോയുടെ കാലില്‍ നിന്ന് പന്ത് സ്വന്തം വലയില്‍ പതിച്ചത്. പിന്നീട് ലിവര്‍പൂള്‍ താരങ്ങളുടെ വാഴ്ചയായിരുന്നു കളിക്കളത്തില്‍.
മൈതാനം അടക്കിവാണ ഡനിയേല്‍ സ്റ്ററിഡ്ജും ആഡം ലല്ലാനയും ഫിര്‍മിനോയും കൗടീഞ്ഞോയും മില്‍നറും ഉള്‍പ്പെട്ട ലിവര്‍പൂള്‍ താരനിരയെ പിടിച്ചുകെട്ടാന്‍ വിയ്യാ താരങ്ങള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു. ആദ്യപകുതിയില്‍ ഒരു സെല്‍ഫ് ഗോളിന്റെ കരുത്തില്‍ ലിവര്‍പൂള്‍ 1-0ന് മുന്നിട്ടുനിന്നു.
പിന്നീട് 63-ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്ററിഡ്ജ് ലിവര്‍പൂളിന്റെ ലീഡ് ഉയര്‍ത്തി. വിയ്യാറയലിന്റെ ഓഫ്—സൈഡ് കെണിയില്‍ നിന്ന് രക്ഷപ്പെട്ട സ്റ്ററിഡ്ജ് കോസ് റേഞ്ച് ഷോട്ടിലൂടെ വല കുലുക്കി. 71-ാം മിനിറ്റില്‍ മധ്യനിരതാരം വിക്ടര്‍ റൂയിസ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതും വിയ്യക്ക് തിരിച്ചടിയായി.പത്ത് മിനിറ്റിന് ശേഷം ആദം ലല്ലാന നേടിയ ഗോളിലൂടെ ലിവര്‍പൂള്‍ വിജയമുറപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ഉക്രെയിന്‍ ക്ലബ് ഷക്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കണ് രണ്ടാം പാദത്തില്‍ സെവിയ തകര്‍ത്തത്. ഇതോടെ ഇരുപാദത്തിലുമായി 5-3ന്റെ വിജയം. ആദ്യപാദം 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു. കെവിന്‍ ഗമെരിയോയുടെ ഇരട്ട ഗോളാണ് സെവിയക്ക് വിജയം മിന്നുന്ന വിജയം നേടിക്കൊടുത്തത്. 9, 47 മിനിറ്റുകളിലായിരുന്നു ഗമെരിയോയയുടെ ഗോളുകള്‍. 59-ാം മിനിറ്റില്‍ മരിയാനോ ഫെരീര മൂന്നാം ഗോളും നേടി. 44-ാം മിനിറ്റില്‍ എഡ്വേര്‍േഡാ ഷക്തറിന്റെ ആശ്വാസഗോള്‍ നേടി.
















