ആദിവാസി സ്വത്വരാഷ്‌ട്രീയത്തിന്റെ പോസ്റ്റര്‍ ഗേളായിരുന്ന സി.കെ.ജാനു കാലത്തിന്റെ ആവശ്യമെന്നോണം ദേശീയധാരയിലേക്ക് വന്നിരിക്കുകയാണ്. ഒരു തികഞ്ഞ ദേശീയവാദിയായ നരേന്ദ്രമോദി നാടുഭരിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ തരമില്ല. ഈ സത്യത്തിന്റെ തിരിച്ചറിവ് ഇടതു-വലതു മുന്നണികളിലെ പിബി അംഗം മുതല്‍ ഹൈക്കമാന്റിനെവരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അടുത്തിടെ ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ സി.കെ.ജാനുവിനെതിരെ എഴുതിയ ലേഖനത്തില്‍ ഈ അങ്കലാപ്പാണുള്ളത്.
ശരിക്കുപറഞ്ഞാല്‍ വനവാസികളെയും ദളിതരെയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമാക്കി മാറ്റിയത് അതത് കാലത്തെ അധീശശക്തികളാണ്, ഭരിച്ചവരാണ്. അതിന് കീഴ്‌പ്പെടാത്തവരെ നിഷ്‌കരുണം കൊന്നുകളയുകയും ചെയ്തിരുന്ന ചരിത്രമാണ് ലോകമെമ്പാടുമുള്ളത്. ഇതു മനസ്സിലാക്കുന്നതിനു പകരം, നന്മകളേറെയുള്ള ഭാരതത്തിന്റെ സ്വത്വത്തെ പഴിചാരുകയാണ് ചിലര്‍ ചെയ്യുന്നത്. മനുവാദിയായിട്ടല്ല, മനുഷ്യത്വവാദിയായിട്ടാണ് സി.കെ.ജാനുവിനെപ്പോലുള്ള നിരവധിപേര്‍ മാറിയിട്ടുള്ളത്.
സ്മൃതികള്‍ ഉണ്ടാവുന്നതിനുമുമ്പ് വേദങ്ങളായിരുന്നു ഭാരതത്തിന്റെ ചിന്തകളുടെ അടിസ്ഥാനം. അതില്‍ എവിടെയും ജാതിയോ ജാതീയമായ വേര്‍തിരിവുകളോ സ്തീപുരുഷ വിവേചനമോ തൊട്ടുകൂടായ്‌മയോ തീണ്ടിക്കൂടായ്‌മയോ കുബേര കുചേല വ്യത്യാസമോ പണ്ഡിത പാമര വ്യത്യാസമോ കാണുകയില്ല. ഓരോരുത്തരും അവരുടെ കടമകള്‍ അല്ലെങ്കില്‍ ധര്‍മം നിര്‍വഹിച്ച് ജീവിക്കുക എന്നതാണ് വേദദര്‍ശനം. പക്ഷെ കാലത്തിന്റെ പരക്കംപാച്ചിലില്‍ ഈ തത്വങ്ങളില്‍ വെള്ളംചേര്‍ക്കലുകള്‍ സംഭവിച്ചു. ഇതു ചെയ്തതും അതത് കാലത്തെ ഭരണാധികാരികളായിരുന്നു. എന്നുമാത്രമല്ല മനുവിന്റെ സ്മൃതിക്ക് അനുസൃതമായിട്ടല്ല ഒരുകാലത്തും ഈ നാട് മുന്നോട്ടുപോയിരുന്നതും. ഭാരതീയ ദര്‍ശനമനുസരിച്ച് പുതിയ സ്മൃതികള്‍ ഉണ്ടാവാം. അതിന് ആര്‍ക്കുവേണമെങ്കിലും ശ്രമിക്കുകയുമാവാം.
ഭൂമിയില്‍ മനുഷ്യന്‍ ജീവിച്ചുവരുന്നത് ‘ആദിവാസി’, ‘വനവാസി’ എന്ന സാമൂഹിക അടിസ്ഥാനത്തിലല്ല. അങ്ങനെ വ്യാഖ്യാനിക്കാനാണ് ഇടതുപക്ഷ ചരിത്രകാരന്മാരും ഭാരതീയ മനസ്സിനെ തൊട്ടറിയാത്തവരും എന്നും ശ്രമിച്ചിട്ടുള്ളത്. ഭൂമിയുടെ ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജനങ്ങളെ അറിഞ്ഞിരുന്നത്. ഗ്രാമങ്ങളില്‍ താമസിക്കുകയും കൃഷിയും മറ്റും ഉപജീവനമായി കൊണ്ടുനടക്കുകയും ചെയ്യുന്ന ജനവിഭാഗത്തെ ഗ്രാമവാസികളെന്നും നഗരങ്ങളില്‍ ജീവിക്കുകയും കച്ചവടം മുതലയാവ നടത്തുകയും ചെയ്യുന്നവരെ നഗരവാസികളെന്നുമാണ് വിളിച്ചിരുന്നത്.
അതുപോലെ വനത്തില്‍ താമസിക്കുകയും വനംകൊണ്ട് ഉപജീവനം നടത്തുന്നവരും തീര്‍ച്ചയും വനവാസികളാണ്. അതുകൊണ്ട് അങ്ങനെ ജീവിക്കുന്ന സമൂഹത്തെ വനവാസികള്‍ എന്നുതന്നെയാണ് അഭിസംബോധന ചെയ്യേണ്ടത്. പിന്നെ എങ്ങനെ ഈ വിഭാഗത്തിന് ആദിവാസി നാമധേയം ലഭിച്ചു. ജനജാതി വിഭാഗങ്ങളെ ‘ട്രൈബ്’ എന്നാണ് ഇംഗ്ലീഷില്‍ വിളിക്കുന്നത്. അതിനെ ഭാരതീയ ഭാഷകളിലേക്ക് മൊഴിമാറ്റം വരുത്തിയപ്പോള്‍ ആദിവാസി എന്നാക്കി.
മഹാത്മാഗാന്ധി, ഡോ.അംബേദ്കര്‍ തുടങ്ങിയ മഹത്തുക്കള്‍ ഭരണഘടനയിലും മറ്റു ആവശ്യങ്ങള്‍ക്കും ഈ ജനവിഭാഗത്തെ ആദിവാസി എന്ന് നാമകരണം ചെയ്യുന്നതില്‍ എതിര്‍പ്പുള്ളവരായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഭരണസംവിധാനം കൈയാളിയവര്‍ ഭാരതത്തിന്റെ സ്വത്വബോധത്തില്‍ വിശ്വാസം ഇല്ലാത്തവരും റഷ്യന്‍ സ്വപ്‌നങ്ങളില്‍ കണ്ണ് മഞ്ഞളിച്ച് നാടിനെ കുട്ടിച്ചോറാക്കിയവരുമാണല്ലോ. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വലിയ നിഷ്‌കര്‍ഷയൊന്നും ഉണ്ടായിരുന്നില്ല.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഭാരതത്തിലെ എല്ലാ ഹിന്ദുജനവിഭാഗങ്ങളെയും സംഘടിപ്പിക്കുക എന്നതാണ്. അതില്‍ എട്ടരക്കോടിയില്‍ അധികം വരുന്ന വനവാസി വിഭാഗവും ഉള്‍പ്പെടും. അവരുടെ സര്‍വതോമുഖമായ ഉന്നമനത്തിനാണ് കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി അഖിലഭാരതീയ വനവാസി കല്യാണാശ്രമം എന്ന പ്രസ്ഥാനം പരിശ്രമിച്ചുവരുന്നത്. ദേശവ്യാപകമായി 30000 ലേറെ പ്രോജക്ടുകളും കലാകായിക പരിപാടികളും ബോധവത്കരണങ്ങളും നടത്തിയ ഈ പ്രസ്ഥാനം വനവാസി സമൂഹത്തിന് ആശാകിരണമായിത്തീര്‍ന്നിട്ടുണ്ട്.
ജനസംഖ്യയില്‍ വളരെ കുറവുമാത്രമുള്ള കേരളത്തിലും ഹോസ്റ്റലുകളും ഏകല്‍ വിദ്യാലയങ്ങളും ഈ പ്രസ്ഥാനം നടത്തുന്നു. ഏറ്റവും പിന്നാക്കമായ പണിയ വിഭാഗത്തിനായി പിഇഇപി പോലുള്ള പ്രത്യേക പ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്. അതില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നീരസമുണ്ടാവേണ്ട കാര്യമില്ല. തങ്ങളെ മനുഷ്യരായി കണക്കാക്കുന്ന പ്രസ്ഥാനമാണ് ഇത് എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തെ ഒരു വനവാസി യുവാവ് തിരിച്ചറിഞ്ഞത്.
ഈ അംഗീകാരമാണ് ആര്‍എസ്എസിനും വനവാസി കല്യാണാശ്രമത്തിനും പ്രേരണ. വനവാസികള്‍ എല്ലാ അര്‍ത്ഥത്തിലും ഹിന്ദുക്കളാണ്. അല്ലെന്ന് ഒരു വനവാസിയും ഇതുവരെ പറഞ്ഞിട്ടില്ല. അവരെ അങ്ങനെ പറയിപ്പിച്ചത് ഇവിടുത്തെ ചില രാഷ്‌ട്രീയപാര്‍ട്ടികളും സംഘടിത മതവിഭാഗങ്ങളുമാണ്. ഈ തെറ്റുതിരുത്തുകയാണ് ആര്‍എസ്എസും കല്യാണാശ്രമവും കഴിഞ്ഞകാലമത്രയും ചെയ്തുവരുന്നത്. വനവാസികളുടെ സ്വത്വബോധം ഉണര്‍ത്തുകയും അവരിലെ നേതൃത്വഗുണത്തെ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതോടൊപ്പം അവരെ നാടിന്റെ വികസനത്തിന്റെയും വിജയത്തിന്റെയും അവകാശികളാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ കേവലം 1.05 ശതമാനം ജനസംഖ്യ വരുന്ന വനവാസികളുടെ നേതാവായി സി.കെ.ജാനു വളര്‍ന്നത് ആരുടെയും ഔദാര്യംകൊണ്ടല്ല. ആ സമൂഹത്തിനുവേണ്ടി ചോരയും നീരും നല്‍കി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഒരു തുണ്ടുഭൂമി എന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക് ജീവന്മരണ സമരങ്ങള്‍ നടത്തേണ്ടിവന്നു. അതത് കാലത്തെ സര്‍ക്കാരുകളുമായി അതിനായി ചര്‍ച്ചകള്‍ നടത്തേണ്ടിവരികയും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു. അവ നടപ്പിലാക്കാതെ വരുമ്പോള്‍ ആ സര്‍ക്കാരുകളുമായി സി.കെ.ജാനു കലഹിച്ചിട്ടുണ്ട്. അതിലെന്താണ് തെറ്റ്. ഇതിനെ കാലുമാറ്റങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തുവക്കുന്നത് നീതികേടാണ്.
അങ്ങനെയെങ്കില്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ കൂട്ടാളികളുമാണ് കേരളത്തില്‍ എല്ലാക്കാലത്തും അവസരവാദ രാഷ്‌ട്രീയത്തിനും അടവുനയങ്ങള്‍ക്കും നെടുനായകത്വം വഹിച്ചിട്ടുള്ളത്. 1957 മുതല്‍ 2016 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ മതി. ഓരോരോ കാലത്ത് മുസ്ലിംലീഗുമായും പിഡിപിയുമായും കേരള കോണ്‍ഗ്രസുമായും ഇന്ന് കോണ്‍ഗ്രസുമായി പോലും ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്നവരല്ലെ അവര്‍. അതുകൊണ്ട് സി.കെ.ജാനുവിനെപ്പോലുള്ള ദളിത്, വനവാസി വ്യക്തിത്വങ്ങളെ തേജോവധം ചെയ്യാനുള്ള ശ്രമം വിലപ്പോവില്ല.
എല്ലാ സമൂഹങ്ങള്‍ക്കും അവരവരുടെ ആചാരാനുഷ്ഠാനങ്ങളുണ്ട്. അത് വളരെ പവിത്രമായിട്ടാണ് അവര്‍ പരിപാലിച്ചുവരുന്നതും. അതിനെപ്പോലും കളിയാക്കുന്ന, നിസ്സാരവത്കരിക്കുന്ന നിലപാടാണ് മാര്‍ക്‌സിറ്റ് പാര്‍ട്ടിക്കുള്ളതെന്നാണ് മനസ്സിലാക്കേണ്ടത്. സി.കെ.ജാനു തന്റെ സമരപരിപാടികള്‍ അവസാനിപ്പിക്കുന്നത് ഗോത്ര പൂജ നടത്തിയാണു പോലും. അതിലെന്താണ് തെറ്റ്? മാര്‍ക്‌സിസ്റ്റ് തത്വങ്ങള്‍ക്ക് അനുസൃതമല്ല അതെങ്കില്‍ അത് അവര്‍ നടത്തേണ്ടെന്നാണോ! ഒരു വ്യക്തി നെഞ്ചേറ്റി കൊണ്ടുനടക്കുന്ന സ്വത്വബോധത്തെ കളിയാക്കുന്നത് ആ വ്യക്തിയെ മാത്രമല്ല, മൊത്തം ഗോത്രജനവിഭാഗങ്ങളെ കളിയാക്കുന്നതാണ്.
വ്യക്തിഹത്യ നടത്തുക എന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും പരിപാടിയാണ്. തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തവരെ ഏതുവിധത്തിലും ചെളിവാരിയെറിഞ്ഞ് പൊതുസമൂഹത്തിന് അനഭിമതരാക്കുക എന്നത് അവരുടെ നയമാണ്. സി.കെ.ജാനുവിന്റെ കാര്യത്തിലും അത് സംഭവിക്കുന്നു. ”പുറന്തള്ളപ്പെട്ട വിഭാഗത്തിന്റെ ഒരു നേതാവു മാത്രമാണ് ജാനു” എന്നാണ് എം.എ.ബേബി ലേഖനത്തില്‍ പ്രസ്താവിക്കുന്നത്. എന്നുമാത്രമല്ല എണ്ണത്തില്‍ വളരെ കുറഞ്ഞ വനവാസി വിഭാഗങ്ങളുടെ മാത്രം നേതൃത്വമേ അവര്‍ക്കുള്ളൂ എന്നുകൂടി സൂചിപ്പിക്കാന്‍ പിബി അംഗം ശ്രമിക്കുന്നുണ്ട്. അതോടൊപ്പം 2000 മുതല്‍ മത്സരിച്ചിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റവരാണ് ഇവര്‍ എന്നു കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ പിന്നില്‍നിന്ന് കുത്തിമലര്‍ത്തപ്പെട്ട ഈ നേതാവിന് ഇതല്ലാതെ വേറെ എന്താണ് എഴുതാന്‍ കഴിയുക എന്നു സമാധാനിക്കാം.
കേരള രാഷ്‌ട്രീയം മാറിവരികയാണ്. അതിന്റെ പതാകവാഹകയാണ് സി.കെ.ജാനു. അവസാനവരിയില്‍ അവസാനം നില്‍ക്കുന്നവന്റെ ഉണര്‍ത്തുപാട്ടാണ് എങ്ങും മുഴങ്ങുന്നത്. അതില്‍ വിറളിപൂണ്ടവര്‍ ചിലതൊക്കെ പറയട്ടെ. ഒന്നും കാര്യമാക്കേണ്ട.
















