ന്യൂദല്‍ഹി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നാനൂറ് ശതമാനത്തിന്റെ ഭയാനകമായ വര്‍ദ്ധനവാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലുണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനും സംസ്ഥാന സര്‍ക്കാരിനും വലിയ വീഴ്ച സംഭവിച്ചു. ജിഷയുടെ അമ്മയ്‌ക്ക് ഫലപ്രദമായ കൗണ്‍സിലിങ് പോലും ഏര്‍പ്പെടുത്തിയിട്ടില്ല. വിഷയത്തില്‍ മാധ്യമ ശ്രദ്ധ ലഭിച്ച ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തെ വിശ്വാസത്തിലെടുക്കാനാവില്ല, അധ്യക്ഷ പറഞ്ഞു.
കൊലക്കേസ് അന്വേഷണത്തില്‍ ഇത്ര ദിവസം പിന്നിട്ടിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിലും പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതൊക്കെക്കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്റെ വിശദമായ റിപ്പോര്‍ട്ട്് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ലളിത കുമാരമംഗലം അറിയിച്ചു.
















