കോഴിക്കോട്: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ വായ്‌മൂടിക്കെട്ടി പ്രകടനം നടത്തി. ആഭ്യന്തര മന്ത്രി ചെന്നിത്തല കേരളത്തിന് അപമാനമാണെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം എസ്.കെ. പൊറ്റെക്കാട് പ്രതിമക്ക് മുന്നില്‍ സമാപിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. രമണീഭായ് ഉദ്ഘാടനം ചെയ്തു. ജിഷയ്‌ക്കും അമ്മയ്‌ക്കും സംരക്ഷണം നല്‍കുന്നതില്‍ മാത്രമല്ല, അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വികസനവും കരുതലുമായിരുന്നു സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്നത്. എന്നാലിത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി മാത്രം പറയുന്നതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പ്രാദേശിക ഭരണകൂടം മുതല്‍ സിപിഎം എംഎല്‍എ വരെയുള്ളവര്‍ക്കും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും പൂര്‍ണ്ണമായും പരാജയപ്പെട്ടു. സംഭവം ഒളിപ്പിച്ചു വെയ്‌ക്കാന്‍ പോലീസ് നടത്തിയ ശ്രമം ആരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്നും അവര്‍ ചോദിച്ചു.
മുന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, അനിത ഏറങ്ങാട്ട്, ബിന്ദു രാജന്‍, ബിന്ദു പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ശോഭാ സുരേന്ദ്രന്‍, തങ്ക, പ്രസന്ന, ദീപ ടി. മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















