കൊടുവള്ളി: തെരഞ്ഞെടുപ്പ് അടുത്തതോടെ കൊടുവള്ളി മേഖലയില്‍ കള്ളപ്പണമൊഴുക്ക് വര്‍ദ്ധിച്ചു. ഇക്കഴിഞ്ഞ ദിവസം രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടേകാല്‍ ലക്ഷംരൂപയാണ് കൊടുവള്ളി പാലത്തിന് സമീപം നടന്ന പരിശോധനയില്‍ കസ്റ്റഡിയിലെടുത്തത്. കിഴക്കോത്ത് ഭാഗത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ നിന്നാണ് 2,25,500 രൂപ പിടികൂടിയത്. കത്തറമ്മല്‍ പുറക്കാട്ട് അബ്ദുല്‍മജീദ് ബാങ്കില്‍ നിക്ഷേപിക്കാനെന്ന വ്യാജേന പണം കടത്തുകയായിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നില്ല. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള എസ്‌ഐ വത്സരാജ് സിപിഒമാരായ രഞ്ജിത്ത്, രാംമോഹന്‍ റോയ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം താമരശ്ശേരി ഭാഗത്തുനിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ ഇതേ സംഘം പിടികൂടിയിരുന്നു. കള്ളപ്പണക്കടത്ത് കൂടുന്നതോടെ പരിശോധന ശക്തമാക്കുകയാണ്.
















