ന്യൂദല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്കെതിരെയുള്ള അന്വേഷണത്തിന് മൂന്നു മാസത്തേക്കു കൂടി ദല്‍ഹി ഹൈക്കോടതി സമയം അനുവദിച്ചു. ഹരിദ്വാറിലെ അര്‍ധ കുംഭമേളയ്‌ക്കിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന്റെ പേരിലാണ് അറസ്റ്റ്. മൊഹ്‌സിന്‍ ഇബ്രാഹിം സയ്യെദ്, അഖ്‌ലഖൂര്‍ റഹ്മാന്‍, മോഹ്ദ് അസീമുഷാന്‍, മോഹ്ദ് മെഹ്‌റാസ് എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍.
കേസന്വേഷണത്തിന് മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണത്തിന്റെ കാലാവധി നീട്ടിയത്. കേസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ്. കൂടാതെ ഭാരതീയരില്‍ ഇനി ആര്‍ക്കെങ്കിലും ഐഎസുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു
അതേസമയം അറസ്റ്റിലായ അഞ്ചുപേരും ഐഎസിനെ അനുകൂലികളാണെന്നും ഇവരുടെ പേരും ഫോണ്‍നമ്പറുകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക്, സ്‌കൈപ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഐഎസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ചിരുന്ന എസ്ഡി കാര്‍ഡുകളും മൊബൈല്‍ ഫോണ്‍ സിമ്മുകളും, ലാപ്‌ടോപ്പുകളും കേസന്വേഷണത്തിന്റെ ഭാഗമായി ദല്‍ഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
















