ഹരിപ്പാട്: കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇത്തവണ മാറ്റത്തിനുവേണ്ടി കാതോര്‍ക്കുകയാണെന്ന് ബിജെപി നാഷണല്‍ സെല്‍ കണ്‍വീനര്‍ മാനസ് താക്ക പറഞ്ഞു. ഹരിപ്പാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഭവന സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും പരസ്പരം മത്സരിക്കുന്നു. പശ്ചിമബംഗാളിലും പാര്‍ലമെന്റിലും ഇവര്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇക്കാരണത്താല്‍ കേരളത്തിലെ തെരഞ്ഞെടുപ്പിലും രഹസ്യമായി യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള തീരുമാനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് എ.കെ. ആന്റണിയും, സീതാറാം എച്യൂരിയും, പ്രകാശ് കാരാട്ടും കേരളത്തില്‍ ഒരേ സമയം എത്തി ബിജെപിയ്‌ക്കെതിരെ കള്ള പ്രചരണങ്ങള്‍ നടത്തുന്നത്. ഇത് കേരളത്തിലെ ജനത തിരിച്ചറിയുകതന്നെ ചെയ്യും.
ഭാരതത്തിനെതിരായി പ്രവര്‍ത്തിക്കുന്ന കനയ്യകുമാറിനെപ്പോലുള്ളവര്‍ക്ക് ഇവര്‍ രണ്ട് കൂട്ടരും വലിയ സഹായമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഘടകത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് ദിവസം ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















