കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്ന പ്രിന്റര്‍, പ്രസാധകര്‍, രാഷ്‌ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ശന നടപടിയെടുക്കുമെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്റീച്ചര്‍ സെല്‍ മുന്നറിയിപ്പ് നല്‍കി.
പ്രചാരണത്തിന്റെ ഭാഗമായി അച്ചടിക്കുന്ന പോസ്റ്ററുകള്‍, ലഘുലേഖകള്‍, ഫഌക്‌സ് തുടങ്ങിയവയില്‍ അച്ചടിക്കുന്ന പ്രസ്സിന്റെ ഉടമയുടെ പേരും അഡ്രസ്സും പ്രസാധകന്റെ പേരും അഡ്രസ്സും പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. ഇവ അച്ചടിക്കുന്നതിന് മുമ്പ് പ്രസാധകന്‍ പ്രസ് ഉടമയ്‌ക്ക് രണ്ട് കോപ്പിയില്‍ അപേക്ഷ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതുകൂടാതെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം രണ്ട് ദൃക്‌സാക്ഷികളുടെ ഒപ്പോടുകൂടി സമര്‍പ്പിക്കുകയും വേണം.
അച്ചടിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ അച്ചടിച്ച രേഖയുടെ ഒരു കോപ്പിയും പ്രസാധകന്‍ നല്‍കിയ സാക്ഷ്യപത്രത്തിന്റെ കോപ്പിയും സഹിതം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. നിയമം ലംഘിക്കുന്ന പ്രസ്സുകള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരേ കര്‍ശന നടപടി വരുംദിനങ്ങളിലുണ്ടാവുമെന്നും എക്‌സ്‌പെന്റീച്ചര്‍ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
















