കോഴിക്കോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി ശാസിച്ചിട്ടും കെ.സി. അബുവിനെതിരെ എടുത്ത കേസില്‍ തുടര്‍ നടപടി ഇല്ലാത്തത് ഡിസിസി പ്രസിഡന്റ് ആഭ്യന്തര മന്ത്രിയുടെ സംരക്ഷണയുള്ളതുകൊണ്ടാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫറോക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ വിവാദ വര്‍ഗീയ പ്രസംഗം നടത്തിയ അബുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിക്ഷാ നടപടി എന്ന നിലയില്‍ പരസ്യ ശാസന നടത്തിയത്. എന്നിട്ടും നല്ലളം പോലീസ് അബുവിനെ ഇതുവരെ ചോദ്യം ചെയ്തിട്ടുപോലുമില്ലെന്നാണറിയുന്നത്.
ഡിസിസി പ്രസിഡന്റിനെ സംരക്ഷിക്കുന്ന നയമാണ് പോലീസ് കൈക്കൊള്ളുന്നത്. അബു വര്‍ഗീയ പ്രസംഗം നടത്തില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞത്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അബുവിനെ ശാസിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പൊതുസമൂഹത്തോട് മാപ്പു പറയണം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
















