ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ഖേല്‍രത്‌ന അവാര്‍ഡിന് ബിസിസിഐ ശുപാര്‍ശ ചെയ്തു. ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനയെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാലു വര്‍ഷത്തിനു ശേഷമാണ് ബിസിസിഐയുടെ നടപടി. സമീപകാലത്തെ മികച്ച പ്രകടനമാണ് വിരാടിനെ പിന്തുണയ്‌ക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. ശുപാര്‍ശ ലഭിച്ചെന്ന് കേന്ദ്ര കായികമന്ത്രാലയം സ്ഥിരീകരിച്ചു.
1997-98ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, 2007ല്‍ മഹേന്ദ്ര സിങ് ധോണി എന്നിവര്‍ക്ക് ഖേല്‍രത്‌ന ലഭിച്ചിരുന്നു. 2012ല്‍ രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ ശുപാര്‍ശ ചെയ്‌തെങ്കിലും പരിഗണിച്ചില്ല. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ദത്തിനും ഷൂട്ടര്‍ വിജയ്‌കുമാറിനുമാണ് അത്തവണ അവാര്‍ഡ് നല്‍കിയത്.
എന്നാല്‍, 2013ല്‍ ദ്രാവിഡിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. വിരാട് കോഹ്‌ലിക്ക് 2013ല്‍ അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചിരുന്നു. ഇതിനു ശേഷം തുടരുന്ന കളിമികവ് പരിഗണിച്ചാണ് പരമോന്നത കായിക ബഹുമതിക്ക് ശുപാര്‍ശ നല്‍കിയത്. ഖേല്‍രത്‌നയ്‌ക്ക് 7.5 ലക്ഷം രൂപയും അര്‍ജ്ജുനയ്‌ക്ക് അഞ്ചു ലക്ഷവുമാണ് പുരസ്‌ക്കാര തുക. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നു രോഹിത് ശര്‍മ്മയ്‌ക്ക് അര്‍ജ്ജുന ലഭിച്ചു.
മലയാളി അത്‌ലറ്റ് ടിന്റു ലൂക്ക, മലയാളിയായ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരി, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണജേതാവ് ഷൂട്ടര്‍ ജിതു റായ് എന്നിവരെയും അതതു ഫെഡറേഷനുകള്‍ ഖേല്‍രത്‌നയ്‌ക്ക് ശുപാര്‍ശ ചെയ്‌തെന്നാണ് സൂചന. മലയാളി അത്‌ലറ്റ് ഒ.പി ജയ്ഷയ്‌ക്ക് ഇത്തവണ അര്‍ജ്ജുന ലഭിക്കുമെന്നും റിപ്പോര്‍ട്ട്.
















