കല്‍പ്പറ്റ : വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പ് നിയമ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്കി. ആദിവാസി കോളനികളില്‍ മദ്യം വിതരണം ചെയ്താല്‍ പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തിയാകും കേസെടുക്കുക. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളിലൂടെ മദ്യമൊഴുക്കിന് സാധ്യതയുണ്ടെന്ന് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അഭിപ്രായമുയര്‍ന്നപ്പോഴായിരുന്നു കളക്ടറുടെ മുന്നറിയിപ്പ്. മദ്യ വിതരണം നടക്കുന്നതായി പരാതിയുയര്‍ന്ന രണ്ട് പഞ്ചായത്തുകളില്‍ ഫഌയിംഗ് സ്ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. വോട്ടെടുപ്പിന് മുമ്പത്തെ ഒരാഴ്ച ഫഌയിംഗ് സ്ക്വാഡുകള്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വോട്ടെടുപ്പ് വേളയില്‍ മദ്യം വിതരണം ചെയ്യുന്നത് ജില്ലയിലെ പ്രധാന പ്രശ്നമാണ്. സംസ്ഥാനത്ത് വ്യാജ മദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ വ്യാജ മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്‍പ്പന എന്നിവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ജില്ലാ കളക്ടറെയാ, ജില്ലാ പോലീസ് മേധാവിയേയോ നേരിട്ട് അറിയിക്കാം.
ജില്ലയില്‍ ഇതുവരെ രേഖകളില്ലാതെ കടത്തിയ 1.4 കോടി രൂപ പിടിച്ചെടുത്തതായും കളക്ടര്‍ അറിയിച്ചു. ഇതില്‍ 97 ലക്ഷം രൂപ ആദായ നികുതി വകുപ്പിന് കൈമാറി. ഗുഡ്ക, പുകയില, പാന്‍മസാല എന്നിവയും പിടിച്ചെടുത്തു.
വയനാടിന്റെ പ്രകൃതി ഭംഗി നശിപ്പിക്കുന്ന വിധത്തില്‍ പാറക്കെട്ടുകളും മലകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കളക്ടര്‍ അറിയിച്ചു. മരങ്ങളില്‍ ആണിയടിക്കരുത്. റോഡില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും വോട്ടഭ്യര്‍ത്ഥനയും എഴുതി ഗതാഗതത്തിന് തടസ്സമുണ്ടാക്കി അപകടം വിളിച്ച് വരുത്തരുത്.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് പ്രവണതയ്ക്ക് തടയിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രൂപവത്കരിച്ച എം.സി.എം.സി കമ്മിറ്റി കര്‍ശന നിരീക്ഷണം നടത്തുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിനും ബള്‍ക്ക് എസ്.എം.എസ് അയക്കാനും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പ്രിന്ററുടെയും പബ്ലിഷറുടെയും പേരില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകള്‍, ലഘു ലേഖകള്‍ എന്നിവ അച്ചടിച്ചതായി പരാതി ലഭിച്ചാല്‍ 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് പ്രകാരം നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ഇത്തവണ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പില്‍ ബാക്കി വരുന്നവ വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പ് തഹസില്‍ദാര്‍ക്ക് തിരിച്ചേല്‍പ്പിക്കും. പോളിങ്ങ് ദിവസം വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യില്ല. ബി.എല്‍.ഒമാര്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നതായി തെളിവു സഹിതം പരാതി നല്കിയാല് കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ഇത്തവണ വോട്ടിങ്ങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ കൂടി ഉണ്ടാകും. ഇതിനായി തയ്യാറാക്കിയ ഫോട്ടോ ബന്ധപ്പെട്ട വരണാധികാരികള്‍ അവരുടെ ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വ്യക്തത കുറവോ പരാതിയോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ.അബ്ദുല്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന് സുഭാശിഷ് മൈത്ര, പോലീസ് നിരീക്ഷകന് ഡോ. പി.വി.കൃഷ്ണപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിരാളികളെ വിമര്‍ശിക്കുന്നത് വസ്തുനിഷ്ഠമായിരിക്കണമെന്നും പൊതു നിരീക്ഷകന് സുഭാശിഷ് മൈത്ര അഭിപ്രായപ്പെട്ടു. ഏതെങ്കിലും ജാതിയുടെയോ സമുദായത്തിന്റെയോ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഒന്നും പ്രചാരണം നടത്തരുത്. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം പണം എന്നിവ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ ജില്ലാ കളക്ടറെയോ അറിയിക്കണമെന്ന് പോലീസ് നിരീക്ഷകന് ഡോ. പി.വി. കൃഷ്ണപ്രസാദ് പറഞ്ഞു. മാവോയിസ്റ്റ് ബാധിത പ്രദേശം എന്ന നിലയിലാണ് വയനാടിനെ പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 25 പോളിങ്ങ് സ്റ്റേഷനുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ളവയാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ മൂന്ന് മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷനും നടത്തി. ഇലക്ഷന് കമ്മീഷന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ്ങ് മെഷീനാണ് ഉപയോഗിക്കേണ്ടത് എന്ന പട്ടിക തയ്യാറാക്കുന്നതാണ് റാന്ഡമൈസേഷന്. വിവിധ സ്ഥാനാര്‍ത്ഥികളുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചെലവ് കമ്മീഷന് നിരീക്ഷകരുടെ കണക്കുമായി ഒത്തുനോക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തി. തുടര്‍ന്ന് കളക്ടറുടെ ചേമ്പറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേര്‍ന്നു.
യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.അബ്ദുല്‍ നജീബ്, മാനന്തവാടി മണ്ഡലം വരണാധികാരി സബ്കളക്ടര്‍ ശീറാം സാംബശിവ റാവു, സുല്‍ത്താന്‍ ബത്തേരി മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന്, കല്‍പ്പറ്റ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ വി. രാമചന്ദ്രന്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ.എം. രാജന്, സ്ഥാനാര്‍ത്ഥികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: