ഒരാള്‍ പരാജയപ്പെട്ടു എന്നു പറഞ്ഞാല്‍ അവന്‍ പ്രയത്‌നിച്ചു,സാഹസത്തിനു മുതിര്‍ന്നു എന്നാണര്‍ത്ഥം. ശ്രമിക്കുന്നവനേ പരാജയപ്പെടുകയുള്ളൂ. ഏതു കര്‍മ്മത്തിലും സാഹസമുണ്ട്. മലകയറുന്നതായാലും, കുട്ടി പിച്ചവച്ചു നടക്കുന്നതായാലും, കടലില്‍ മത്സ്യം പിടിക്കാന്‍ പോകുന്നതായാലും പരീക്ഷക്ക് പഠിക്കുന്നതായാലും ഡ്രൈവിംങ് പരിശീലിക്കുന്നതായാലും എല്ലാത്തിലും സാഹസമുണ്ട്.
ഏതിനും സാഹസമാവശ്യമാണ്. ഏതൊരു കര്‍മ്മം ഏറ്റെടുക്കുമ്പോഴും വിജയവും പരാജയവും നിഴല്‍ പോലെ നമ്മേ പിന്‍തുടരും ചിലപ്പോള്‍ നമ്മള്‍ വിജയിച്ചെന്നു വരും. നേരേമറിച്ചും സംഭവിക്കാം. പരാജയത്തെ ഭയക്കാന്‍ പാടില്ല. ഭയന്നാല്‍ പിന്നീട് വിജയിക്കാന്‍ കഴിയില്ല. ഒന്നുംനേടാനാവില്ല. അതിനാലാണ് പരാജിതര്‍ക്കും പ്രോത്സാഹനം കൊടുക്കണമെന്നു പറയുന്നത്. പരിശ്രമിക്കാന്‍ ഭയക്കാതിരിക്കുവാനാണ് പ്രോത്സാഹനം.
കളിയില്‍കായികതാരങ്ങള്‍ക്ക് തോറ്റാല്‍ക്കൂടി പ്രോത്സാഹനസമ്മാനങ്ങള്‍ നല്‍കാറുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. പ്രോത്സാഹനം എല്ലാരീതിയിലും നല്ലതാണ്.
ജീവിതം ജയിച്ചവര്‍ക്കു മാത്രമല്ല പരാജിതര്‍ക്കു കൂടിയുള്ളതാണെന്നുകണ്ട് നാം അവര്‍ക്ക് വീണ്ടും അവസരങ്ങള്‍ നല്‍കാന്‍ തയ്യാറാവണം. അവരുടെ തെറ്റ് ക്ഷമിക്കണം. അവര്‍ക്ക് മാപ്പുകൊടുക്കുക.
‘ക്ഷമിക്കുക മാപ്പുകൊടുക്കുക’ എന്നത് എഞ്ചിന് ഓയില്‍ ഇടുന്നതുപോലെയാണ്. അത് നമ്മേ മുന്നോട്ടു നയിക്കാന്‍ സഹായിക്കും. ഒരിക്കല്‍ പരാജയപ്പെട്ടവരെ പാടേ തൂത്തെറിയുകയാണെങ്കില്‍ അതവരോടുചെയ്യുന്ന ഏറ്റവുംവലിയ ക്രൂരതയായിരിക്കും. അതിന്നാലാണ് പരാജിതര്‍ക്കും വിജയികള്‍ക്കും സമ്മാനം കൊടുക്കണമെന്നു പറയുന്നത്. അവരെ പരിഹസിക്കുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
















