രാവണന് നില്‍ക്കള്ളിയില്ലാതായി. മന്ത്രിയും വലംകൈയുമായ പ്രഹസ്തനെ ആളയച്ചുവരുത്തി. ”വാര്‍ത്തകളൊന്നും നീയറിഞ്ഞില്ലേ? ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ വാനരന്മാര്‍ കൊല്ലുന്നു. ഇനി യുദ്ധത്തിന് കുംഭകര്‍ണ്ണനോ, നീയോ, ഞാനോ പോകണം. ആരെന്ന് നീ നിശ്ചയിക്കണം. ഇതുകേട്ട് ഞാന്‍ പോകാമെന്ന് പ്രഹസ്തന്‍ പറഞ്ഞു.
രാവണന്റെ മനസ്സിലിരുപ്പും അതുതന്നെ. പ്രഹസ്തന്‍ പിന്നെ വൈകിയില്ല. കുംഭഹന്‍, മഹാനാദന്‍, ദുര്‍മുഖന്‍ എന്നിവരോടൊപ്പം യുദ്ധക്കളത്തിലേക്കു പാഞ്ഞു. കിഴക്കേ ഗോപുരത്തിലൂടെ പുറത്തിറങ്ങുമ്പോള്‍ ദുര്‍നിമിത്തങ്ങള്‍ പലതും കണ്ടു. എന്നാലും രാമനേയും വാനരസൈന്യത്തേയും നശിപ്പിച്ചിട്ടേവരൂ എന്ന് വീരവാദവും പുറപ്പെടുവിച്ചു കൊണ്ടുപുറപ്പെട്ടു. ആദ്യം നീലന്‍ അവരെ എതിരിട്ടു.
മര്‍ക്കടന്മാരുടെ സ്ഥിരം ആയുധമായ കുറ്റന്‍ പാറകളും മരങ്ങളും എറിഞ്ഞുകൊണ്ടാണ് വാനരപ്പട മുന്നേറിയത്. ശസ്ത്രങ്ങളും അസ്ത്രങ്ങളും അനേ്യാന്യം പ്രയോഗിച്ച് രൂക്ഷയുദ്ധമായി. ഇരുപക്ഷത്തും നിരവധിപേര്‍ കൊല്ലപ്പെട്ടു. ആനകളും കുതിരകളും ചത്തുവീണു കട്ടപിടിച്ച രക്തപ്പുഴകളില്‍ ചിലര്‍ വീണു. ജാംബവാന്‍ കംഭഹനുവിനേയും ദുര്‍മുഖനേയും കൊന്നു.
നീലനോടെതിരിട്ട് മഹാനാദനും പിന്നെ ശൂരനായ പ്രഹസ്തനും കാലപുരിയിലെത്തി. വിവരമറിഞ്ഞ് രാവണന്റെ കോപം അസഹ്യമായി. ഇനി ആരും പോകണ്ട. ഞാന്‍ നേരിട്ടുപോയി വാനരപ്പടയെ ഒടുക്കിയിട്ടു വരാം. എന്നറിയിച്ചു.
















