തകഴി: തകഴിയിലെ റൈസ് മില്‍ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. നഷ്ടപ്പെട്ടത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍. ഇ.കെ. നായനാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെ നയിച്ച സര്‍ ക്കാരുകള്‍ നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെടാതെ പോയത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഒരുകോടി അനുവദിച്ചുവെന്നു കാട്ടി അന്നത്തെ മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമായ ജി. സുധാകരന്‍ പ്രദേശമാകെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞിട്ടും തകഴി റൈസ് മില്‍ യാഥാര്‍ത്ഥ്യമായില്ല.
തകഴി ക്ഷേത്രത്തിനു സമീപം വെയര്‍ഹൗസിനോടു ചേര്‍ന്നാണ് റൈസ് മില്ലും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ലക്ഷങ്ങള്‍ മുടക്കി ഏതാനും യന്ത്രസാമഗ്രികളും എത്തിച്ചെങ്കിലും ഇവയെല്ലാം തുരുമ്പെടുത്തു നശിച്ച അവസ്ഥയിലാണ്. റൈസ് മില്‍ യാഥാര്‍ത്ഥ്യമായാല്‍ ആയിരം പേര്‍ക്ക് പ്രത്യക്ഷമായും അഞ്ഞുറിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമായിരുന്നു.
അപ്പര്‍കുട്ടനാട്ടിലെ എടത്വ, തകഴി, വീയപുരം, തലവടി എന്നിവിടങ്ങളിലെ 134ഓളം പാടശേഖരങ്ങളിലേയും ലോവര്‍ കുട്ടനാട്ടിലെ ചമ്പക്കുളം, നെടുമുടി, മുട്ടാര്‍ എന്നിവിടങ്ങളിലെ നൂറോളം പാടശേഖരങ്ങളിലെയും നെല്ലുകള്‍ ഇപ്പോല്‍ കാലടിക്കാണ് കൊണ്ടുപോകുന്നത്. ഇത് കര്‍ഷകര്‍ക്ക് നഷ്ടമാണ് വരുത്തുന്നത്. പ്രദേശത്തെ വികസനം അട്ടിമറിച്ചാണ് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള വെയര്‍ ഹൗസ് സ്ഥാപിച്ച് ഖജനാവില്‍ നിന്ന് വീണ്ടും ലക്ഷങ്ങള്‍ പാഴാക്കുന്നത്.
















