വടകര: കുറ്റിയാടി നിയോജകമണ്ഡലത്തില്‍ ജാതി, മത കാര്‍ഡ് ഇറക്കിയാണ് എല്‍ഡിഎഫ് വോട്ട് തേടുന്നതെന്ന് എന്‍ഡിഎ കുറ്റിയാടി മണ്ഡലം സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി പറഞ്ഞു.
വടകര പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുസമൂഹം മാറ്റം ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തില്‍ ജയിക്കാനായിത്തന്നെയാണ് എന്‍ ഡിഎ കുറ്റിയാടി മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുള്ളത്.
വികസനമാണ് കുറ്റിയാടി മണ്ഡലത്തിലെയും പ്രധാന പ്രശ്‌നം. നാളികേരത്തിന്റെ കലവറയായ കുറ്റിയാടിയില്‍ നാളികേര അനുബന്ധ വ്യവസായം ഇതുവരെ ഉണ്ടായിട്ടില്ല. ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ആയഞ്ചേരി, വില്ല്യാപ്പള്ളി റോഡ് വികസനം നടക്കാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് കൂട്ടുകെട്ട് കുറ്റിയാടി മണ്ഡലത്തിലും നേട്ടമുണ്ടാക്കുമെന്നും രാമദാസ് മണലേരി പറഞ്ഞു. ചടങ്ങില്‍ കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. വിപി പ്രമോദ് സ്വാഗതവും പറമ്പത്ത് രാജീവന്‍ നന്ദിയും പറഞ്ഞു.
















