കോഴിക്കോട്: ”അവര്‍ ഖദറിട്ട വര്‍ഗീയ വാദികളാണ്. മതേതരത്വം അവരുടെ നാവിന്‍തുമ്പത്ത് മാത്രമാണുള്ളത്. പ്രവര്‍ത്തനത്തില്‍ തികഞ്ഞ വര്‍ഗീയതയാണ്. ഡിസിസി നേതാവിന്റെ ഫറോക്ക് പ്രസംഗത്തിലൂടെ മറനീക്കി പുറത്തുവന്നത് അവരുടെ യഥാര്‍ത്ഥ സ്വഭാവമാണ്.” പറയുന്നത് സി.എസ്. സത്യഭാമ. 2010 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷന്‍ 71- ാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച കൗണ്‍സിലര്‍. കെ. എസ്.യുവിലൂടെയാണ് സംഘടനാ പ്രവര്‍ത്തനരംഗത്ത് എത്തിയത്. പഠിക്കുമ്പോള്‍ മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് യൂണിയന്‍ വൈസ് ചെയര്‍മാനായി വിജയിച്ചിരുന്നു. കെ.സി. അബുവും, വി.എം. സുധീരനുമൊക്കെ അന്ന് ജില്ലയിലെയും സംസ്ഥാനത്തെയും നേതാക്കള്‍. വിവാഹശേഷം സജീവ രാഷ്‌ട്രീയ രംഗത്ത് നിന്ന് മാറിനിന്നു.
കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം സിപിഎം കുത്തകയാക്കി വെച്ചിരുന്ന വെസ്റ്റ്ഹില്‍ ഡിവിഷന്‍ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയത്. പഴയ വനിതാ നേതാവിനെ അധികാരരാഷ്‌ട്രീയത്തോട് ആര്‍ത്തിയില്ലാതെ മാറി നിന്നിരുന്ന സത്യഭാമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതാക്കള്‍ വരെ സമ്മര്‍ദ്ദവുമായി രംഗത്തുവന്നു. റസിഡന്‍സ് അസോസിയേഷന്റെ വനിതാ വിഭാഗം കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന സത്യഭാമയ്‌ക്കുള്ള ജനാംഗീകാരം കോണ്‍ഗ്രസിന് മുതല്‍ കൂട്ടായി. കടുത്ത മത്സരത്തില്‍ 47 വോട്ടിന് സിപിഎമ്മിന്റെ കുത്തകയവസാനിപ്പിച്ചുകൊണ്ട് ഡിവിഷനില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറി.
അഞ്ച് വര്‍ഷത്തിനിടയില്‍ വീണ്ടും കോണ്‍ഗ്രസുമായി അടുത്ത് പ്രവര്‍ ത്തിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ തനിനിറം തിരിച്ചറിയുന്നതെന്ന് സത്യഭാമ പറയുന്നു. പ്രതിപക്ഷ നിരയിലെ കൗണ്‍സിലര്‍ എന്ന നിലയില്‍ ഭരണപക്ഷത്തു നിന്നും കടുത്ത അവഗണനയായിരുന്നു. എങ്കിലും മികച്ച വാര്‍ഡുകളില്‍ ഒന്നായി വെസ്റ്റ്ഹില്ലിനെ മാറ്റാന്‍ കഴിഞ്ഞു. വിവിധ ക്ഷേമപെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്കെല്ലാം ലഭിച്ച ഏക വാര്‍ഡായി വെസ്റ്റ്ഹില്‍ മാറി.
എന്നാല്‍ കോണ്‍ഗ്രസിന്റെ ഒരുപിന്തുണയും ഇതിലൊന്നും ഉണ്ടായില്ല. 2009 ല്‍ പാസായ റോഡിന്റെ പ്രവൃത്തി നടത്താന്‍ ഞാന്‍ മുന്‍കൈയെടുത്തു എന്നാല്‍ സിപിഎം ഇതിനെതിരെ രംഗത്തുവന്നു. ഒന്നരവര്‍ഷം കൊണ്ട് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. വെളളമൊഴുകിപോകുന്ന വഴി അടച്ചതായിരുന്നു കാരണം. സിപിഎമ്മായിരുന്നു ഇതിന് പിന്നില്‍ . ഓംബുഡ്‌സ്മാനില്‍ വരെപരാതി നല്കി. എന്നാല്‍ ഇതിലൊന്നും കോണ്‍ഗ്രസ് സഹായിച്ചില്ല.സിപിഎമ്മിന്റെ എതിര്‍പ്പ് ഒരു ഭാഗത്ത്; മറുഭാഗത്ത് കോണ്‍ഗ്രസ് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു.
”കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്ക് നേരെ ഗ്ലാസെറിഞ്ഞ സംഭവത്തില്‍ എനിക്കെതിരെ ആരോപണമുണ്ടായി. മുസ്ലീം ലീഗ് മെമ്പറെ സംരക്ഷിക്കാന്‍ എന്നെ കുരുതികൊടുക്കാനുള്ള ശ്രമം നടന്നു.വീടിനുനേരെ സിപിഎമ്മിന്റെ കയ്യേറ്റം നടന്നു. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ദിനമായിരുന്നു. സിപിഎം വീടാക്രമിച്ചപ്പോള്‍ ഗര്‍ഭിണിയായ മകളുടെ വാവിട്ട് കരച്ചില്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. ഇവിടെയൊന്നും കോണ്‍ഗ്രസ് നേതൃത്വം എനിക്ക് പിന്തുണ തന്നില്ല. പൊക്കുന്നിലെ സ്വകാര്യ ഫ്‌ളാറ്റിനെതിരെ നടക്കുന്ന സമരത്തില്‍ കൗണ്‍സിലില്‍ വന്ന പ്രമേയത്തില്‍ ഞാന്‍ വിയോജിച്ചു. കാരപ്പറമ്പില്‍ അനധികൃത സ്വകാര്യ ആശുപത്രി സമുച്ചയത്തിനെതിരെയുള്ള സമരത്തെ പിന്തുണക്കാത്തവര്‍ക്ക് ഈ പ്രമേയം അവതരിപ്പിക്കാനവകാശമില്ലെന്നും വിവേചനമാണിതെന്നുമായിരുന്നു എന്റെ അഭിപ്രായം.”
ആനുകൂല്യങ്ങള്‍ ഒരുവിഭാഗത്തിന് മാത്രം നിഷേധിക്കുന്നതിനെതിരെ ഞാന്‍ ശബ്ദിച്ചു. മിഠായിത്തെരുവ് സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് കാണിച്ച വഞ്ചന ഞാന്‍ തുറന്നു കാണിച്ചു. അനര്‍ഹരായവര്‍ക്ക് നല്‍കു ന്ന പരിഗണന അര്‍ഹരായവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടി എന്നെ ഒറ്റപ്പെടുത്തി.
മന്ത്രി മുനീറിന്റെ സാമൂഹ്യ നീതി വകുപ്പിന് സാമൂഹ്യ അനീതി വകുപ്പ് എന്ന പേരാണ് യോജിക്കുക. സ്വന്തക്കാര്‍ക്ക് ആനുകൂല്യം വീതം വെച്ചു നല്‍കി. മിഠായിത്തെരുവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പരിക്കേറ്റ ചിലര്‍ക്ക് നല്കിയത് ചോദ്യംചെയ്തത് ചിലര്‍ക്ക് സഹിച്ചില്ല. ഡിസിസി പ്രസിഡന്റ് കെ.സി. അബുവിന്റെ മകളും കൗണ്‍സിലറുമായ കെ.സി. ശോഭിതവരെ എനിക്കെതിരെ രംഗത്തുവന്നു.
ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മുഴുവനാളുകളും എങ്ങിനെ ഒരേ മതക്കാരകുന്നു. വര്‍ഗീയസമീപനമല്ലെങ്കില്‍ പിന്നെന്താണിത്. വര്‍ഗീയ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്കെതിരെശബ്ദിക്കുന്നവരെ വര്‍ഗീയവാദികളെന്ന് പറഞ്ഞ് മുദ്രകുത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
സമീപകാല സംഭവങ്ങളിലെല്ലാം കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ അംഗീകരിക്കാനാവില്ല. ബംഗാളില്‍ സിപിഎമ്മുമായി കൂട്ടുകൂടുന്നു. രാജ്യദ്രോഹനിലപാടുകള്‍ എടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥികളെ അനുകൂലിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ . നാട് നശിപ്പിക്കുന്ന ഭീകരവാദശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുമായി ഒത്തുപോകാന്‍ കഴിയില്ല. പ്രസംഗത്തില്‍ മതേതരത്വം പുലമ്പുന്നവരേക്കാള്‍ പ്രവര്‍ത്തനത്തില്‍ സര്‍വ്വമത സമഭാവന വച്ചുപുലര്‍ത്തുന്നവരെയാണെനിക്കിഷ്ടം. ബിജെപിയുടെ ദേശീയ നിലപാടുകള്‍ക്കാണ് ഇനി പിന്തുണ. കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ രാജിവെക്കാനിടയായ സാഹചര്യമിതാണ് സത്യഭാമ പറയുന്നു.
















