രാജ്‌കോട്ട്: ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗുജറാത്ത് ലയണ്‍സിന് അപ്രതീക്ഷിത തോല്‍വി. അവസാന സ്ഥാനക്കാരായ കിങ്‌സ് ഇലവന്‍ പഞ്ചാബ് 23 റണ്‍സിന് ഗുജറാത്തിനെ കീഴടക്കി. അക്ഷര്‍ പട്ടേലിന്റെ ഹാട്രിക്കാണ് പഞ്ചാബിന് തുണയായത്. അഞ്ച് പന്തില്‍ നാലു വിക്കറ്റെടുത്ത അക്ഷര്‍ ഈ സീസണിലെ ആദ്യ ഹാട്രിക്കും കുറിച്ചു. നായകനായി എം. വിജയ്‌ക്ക് അരങ്ങേറ്റത്തില്‍ ജയം. സ്‌കോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് – 154 (19.5), ഗുജറാത്ത് ലയണ്‍സ് – 131/9 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ നായകന്‍ എം. വിജയ് (55), വൃദ്ധിമാന്‍ സാഹ (33), ഡേവിഡ് മില്ലര്‍ (31), മാര്‍ക്കസ് സ്റ്റോയ്‌നിസ് (27) എന്നിവരും രണ്ടക്കം കണ്ടു. മൂന്നു വിക്കറ്റെടുത്ത ശിവില്‍ കൗശിക്ക് ഗുജറാത്ത് ബൗളര്‍മാരില്‍ മുന്നിട്ടുനിന്നത്. നാലോവറില്‍ 20 റണ്‍സ് മാത്രമേ ഇടംകൈയന്‍ ചൈനാമാന്‍ സ്പിന്നറായ ശിവില്‍ വിട്ടുനല്‍കിയുള്ളൂ. പ്രവീണ്‍ കുമാറും ഡ്വെയ്ന്‍ ബ്രാവോയും രണ്ടു വീതം വിക്കറ്റെടുത്തു. ധവാല്‍ കുല്‍ക്കര്‍ണിക്കും രവീന്ദ്ര ജഡേജയ്‌ക്കും ഓരോ വിക്കറ്റ്.
ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ കരുത്തന്മാര്‍ക്ക് അക്ഷറിന്റെ പ്രകടനം തിരിച്ചടിയായി. ആറാം ഓവറിലെ മൂന്നാം പന്തില്‍ ഡ്വെയ്ന്‍ സ്മിത്ത്, അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്, ആറാം പന്തില്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ മടക്കിയ അക്ഷര്‍, പിന്നെ എറിയാനെത്തിയത് പതിനൊന്നാം ഓവര്‍. ആദ്യ പന്തില്‍ രവീന്ദ്ര ജഡേജയെ മടക്കി ഹാട്രിക്കും ടീമിന് ജയത്തിനുള്ള അടിത്തറയുമൊരുക്കി താരം.
37 റണ്‍സെടുത്ത ജയിംസ് ഫൗള്‍ക്‌നര്‍ ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ (27), സുരേഷ് റെയ്‌ന (18), ഡ്വെയ്ന്‍ സ്മിത്ത് (15), പ്രവീണ്‍ കുമാര്‍ (15) എന്നിവരും രണ്ടക്കം കണ്ടെങ്കിലും ജയത്തിന് അതു മതിയാകുമായിരുന്നില്ല. തോറ്റെങ്കിലും എട്ടുകളില്‍ ആറു ജയത്തോടെ 12 പോയിന്റുമായി ഒന്നാമത് തുടരുന്നു ഗുജറാത്ത്. നാലു പോയിന്റുള്ള പഞ്ചാബ് അവസാന സ്ഥാനത്ത്.
















