പത്തനംതിട്ട: സംവരണ മണ്ഡലമായ അടൂരിലെ പട്ടികജാതി വര്‍ഗ്ഗ വികസനത്തെപ്പറ്റി ധവളപത്രം പുറപ്പെടുവിക്കാന്‍ ജനപ്രതിനിധി തയ്യാറാകണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീര്‍. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജനഹിതം 2016 സ്ഥാനാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നാല്‍ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുക എന്നതാണ്. സംവരണ മണ്ഡലമായ അടൂരില്‍ 28 ശതമാനം ആളുകളും പട്ടികജാതി വിഭാഗങ്ങളില്‍പെടുന്നവരാണ്. ഈ ജനവിഭാഗത്തിലെ 65 ശതമാനത്തിനും വാസയോഗ്യമായ വീടില്ല. ഭൂരഹിതരായ പട്ടികജാതിക്കാര്‍ മണ്ഡലത്തിലേറെയാണ്. പട്ടികജാതി കോളനികളുടെ വികസനത്തിനായുള്ള പണം വകമാറ്റി ചെലവഴിക്കുകയാണ്. പട്ടികജാതി വികസനത്തിനുവേണ്ടിയുള്ള ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. അടൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ നരകയാതന അനുഭവിക്കുന്ന പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികജാതി വികസന പാക്കേജ് ആവിഷ്ക്കരിക്കും. വികസനത്തിന്റെ പെരുമഴ പെയ്യിച്ചെന്ന് അവകാശപ്പെടുന്നവര്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഗ്രാമീണ റോഡുകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. നല്ല മഴപെയ്താല്‍ അടൂര്‍ നഗരം വെള്ളക്കെട്ടിലാകും. ഹൈമാസ്റ്റ് ലൈറ്റുകളടക്കം സ്ഥാപിച്ചെന്ന് പറയുമ്പോഴും സന്ധ്യകഴിഞ്ഞാല്‍ നഗരം അന്ധകാരത്തിലാണ്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കാര്യമായൊന്നും ജനപ്രതിനിധികള്‍ ചെയ്തതായി അനുഭവപ്പെടുന്നില്ല. റോഡിന് അപ്പുറവും ഇപ്പുറവുമായി പള്ളിക്കലില്‍ കനാല്‍ വന്നെങ്കിലും പരസ്പ്പരം ബന്ധിപ്പിക്കാന്‍ വര്‍ഷങ്ങളായിട്ടും നടപടിയില്ല. ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാമായിരുന്നെങ്കിലും നടത്തിയിട്ടില്ല. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്കാനിംഗ് മിഷീന് പോലുമില്ല. അഞ്ചുനിലയുള്ള ആശുപത്രി കെട്ടിടത്തില്‍ ഒരു ലിഫ്റ്റുപോലും ഇല്ലാത്തത് ജനങ്ങളില്‍ ദുരിതമുണ്ടാക്കുന്നു. ഇങ്ങനെ ഏതു മേഖല പരിശോധിച്ചാലും അടൂര്‍ പിന്നിലാണെന്ന് കാണാം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് സൗകര്യങ്ങളൊരുക്കുന്നതിന് ജനപ്രതിനിധികളും സര്‍ക്കാരും അത്മാര്‍ത്ഥത കാണിക്കുന്നില്ല. പന്തളം ടൗണ്ഷിപ്പാക്കുമെന്ന പ്രഖ്യാപനം ഏറെക്കാലമായി നടപ്പാക്കിയിട്ടില്ല. ഈ പോരായ്മകള്‍ക്കൊക്കെ പരിഹാരം കാണാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികളുടെ പ്രയോജനം മണ്ഡലത്തിലും ലഭ്യമാക്കാന്‍ അക്ഷീണം പ്രയത്നിക്കുമെന്നും സുധീര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഒ രു മാലയ്ക്കുള്ളില്‍ നിന്നുകൊണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ കേരളത്തില്‍ പരസ്പ്പരം പോരടിക്കുന്നത് പരിഹാസ്യമാണെന്നും ഭാവിയില്‍ ഇവിടെയും ഇവര്‍ ഒരുമിച്ച് വോട്ട് അഭ്യര്ത്ഥിക്കേണ്ടിവരുമെന്നും മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി സുധീര്പറഞ്ഞു.
പശ്ചാത്തല ,ആരോഗ്യ, കാര്‍ഷിക മേഖലകളിലടക്കം മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു എന്ന അവകാശവാദവുമായാണ് നിലവിലുള്ള എംഎല്‍എകൂടിയായ ചിറ്റയം ഗോപകുമാര്‍ സംസാരിച്ചത്. മണ്ഡലത്തില്‍ റബര്‍ അധിഷ്ടിത വ്യവസായം, ഐടി പാര്‍ക്ക്, ഗവ.കോളേജ്, അടൂരില്‍ വണ്‍വേ, കോടതി സമുച്ചയം തുടങ്ങി നിരവധി പദ്ധതികളുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തിലെ ഒരു റോഡ് പോലും പി.ഡബി.ഡുയെ കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷാജു അഭിപ്രായപ്പെട്ടു. റവന്യൂ ടവറിന്റെ ശോച്യാവസ്ഥ അടൂര്‍, പന്തളം, പറക്കോട് മാര്‍ക്കറ്റുകളുടെ നവീകരണം , കരിങ്ങാലി, മാവര പുഞ്ചകളുടെ വികസനം തുടങ്ങിയ പദ്ധതികളാണ് താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കെ.കെ.ഷാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: