എടത്വാ: കൊടുംചൂടില്‍ കുടയായി നിന്ന വന്‍മരം വെട്ടിമാറ്റി യാത്രക്കാരെ പഞ്ചായത്ത് വെയിലത്താക്കി. എടത്വാ ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി നിന്ന വാകമരമാണ് എടത്വാ ഗ്രാമപഞ്ചായത്ത് വെട്ടിമാറ്റാന്‍ അനുമതി നല്‍കിയത്.
റോഡിലൂടെ സര്‍വ്വീസ് നടത്തുന്ന ഹെവി വാഹനങ്ങളുടെ മുകളില്‍ ഇലച്ചില്‍ മുട്ടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പഞ്ചായത്ത് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ആലപ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ അനുമതി കൂടി ലഭിച്ചതോടെ യാത്രക്കാര്‍ക്കോ വാഹനങ്ങള്‍ക്കോ തടസം സൃഷ്ടിക്കാത്ത മരം മുറിച്ചുമാറ്റുകയായിരുന്നു.
തിരക്കേറിയ എടത്വാ ടൗണില്‍ യാത്രക്കാരുടെ ഏകാശ്രയമായിരുന്നു വെട്ടിമാറ്റിയ വാഹമരം. മരം മുറിച്ചുമാറ്റിയതോടെ കൊടും വെയിലത്ത് ബസുകാത്ത് നില്‍ക്കേണ്ട ഗതികേടാണ് യാത്രക്കാര്‍ക്ക്. പഞ്ചായത്തിന്റേയോ സംഘടനകളുടേയോ വെയിറ്റിംങ്ങ് ഷെഡ്ഡു പോലും ഈ ഭാഗത്തില്ല. മരംമുറിച്ചുമാറ്റിയ നടപടിയില്‍ ഒരുവിഭാഗം നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്.
















