മാഡ്രിഡ്: വിന്‍സന്റ് കാല്‍ഡറോണില്‍ ഡീഗോ സിമിയോണിയുടെ ശിഷ്യര്‍ക്ക് ജയം. കരുത്തരായ ബയേണ്‍ മ്യൂണിച്ചിനെ മടക്കമില്ലാത്ത ഒരു ഗോളിനു കീഴടക്കി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ സെമിയില്‍ ജയം സ്വന്തമാക്കി അത്‌ലറ്റികോ. പതിനൊന്നാം മിനിറ്റില്‍ യുവതാരം സൗള്‍ നിഗ്വെസാണ് ഗോള്‍ നേടിയത്. നാലു പ്രതിരോധക്കാരെ കീഴ്‌പ്പെടുത്തിയുള്ള ഗോള്‍ താരത്തിന്റെ പ്രതിഭയുടെ മികവ്.
രണ്ടാംപാദം അടുത്തയാഴ്ച മ്യൂണിച്ചില്‍.
പരിക്കേറ്റ ആര്യന്‍ റോബന്‍, ജെറോം ബോട്ടെങ്, തുടങ്ങിയവര്‍ കളിക്കാതിരുന്നത് കരുത്തുറ്റ അത്‌ലറ്റികോ പ്രതിരോധം ഭേദിക്കുന്നതില്‍ ബയേണിനു തിരിച്ചടിയായി. 4-1-4-1 ശൈലിയില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയെ ഏക സ്‌ട്രൈക്കറാക്കിയാണ് പെപ് ഗാര്‍ഡിയോള ടീമിനെ ഒരുക്കിയത്. ഫിലിപ്പ് ലാം, മാര്‍ട്ടിനസ്, അലബ, ബെര്‍നറ്റ് എന്നിവരെ പ്രതിരോധത്തിലും അലന്‍സൊയെ പ്രതിരോധത്തിനും മധ്യനിരയ്‌ക്കുമിടയിലുള്ള പാലമായും പെപ് വിന്യസിച്ചു. ഡഗ്ലസ് കോസ്റ്റ, അല്‍കാന്ദര, അര്‍ട്യുറോ വിദല്‍, കോമന്‍ എന്നിവരെ മധ്യനിരയിലും അണിനിരത്തി. രണ്ടാം പകുതിയില്‍ അല്‍കാന്ദരയ്‌ക്കു പകരമായി മുള്ളറെയും കോമാനു പകരം റിബറിയുമെത്തി.
ബാറിനു കീഴില്‍ ന്യൂയര്‍. പരിചിതമായ 4-4-2 ശൈലിയിലാണ് സിമിയോണി അത്‌ലറ്റികോയെ സജ്ജീകരിച്ചത്. യുവാന്‍ഫ്രാന്‍, ഗിമെനെസ്, സാവിക്ക്, ലൂയിസ് എന്നിവരെ പ്രതിരോധത്തിലും സൗള്‍, ഗാബി, ഫെര്‍ണാണ്ടസ്, കോകെ എന്നിവരെ മധ്യനിരയിലും വിന്യസിച്ചു. ഗ്രീസ്മന്നും ടോറസും മുന്നേറ്റത്തില്‍. ഒബ്ലെയ്‌ക്ക് വല കാത്തു.
രണ്ടു ടീമുകളും ആക്രമണ മനോഭാവം പുലര്‍ത്തിയെങ്കിലും സോളിന്റെ ഗോള്‍ മത്സരഫലം മാഡ്രിഡ് ടീമിന് അനുകൂലമാക്കി.
മൂന്നു ഡിഫന്‍ഡര്‍മാരെ മറികടന്നാണ് ന്യൂയര്‍ കാത്ത വലയില്‍ സൗള്‍ പന്തെത്തിച്ചത്. അഗസ്റ്റോ ഫെര്‍ണാണ്ടസില്‍നിന്ന് ബോക്‌സിനു പുറത്തുവച്ച് പന്ത് സ്വീകരിച്ച സൗള്‍ ആദ്യം ബെര്‍നറ്റിനെ മറികടന്നു. അലന്‍സൊയുടെ ടാക്ലിങ്ങില്‍നിന്നു വെട്ടിയൊഴിഞ്ഞ് പന്തുമായി ബോക്‌സിലേക്കു കയറിയ സൗള്‍, അലബയെ കബളിപ്പിച്ച് ഇടംകാല്‍കൊണ്ട് പന്ത് വലയിലേക്ക് തൊടുത്തു. മുഴുനീളെ ഡൈവുമായി ന്യൂയര്‍ തടയാന്‍ പരിശ്രമിച്ചെങ്കിലും പന്ത് വലയുടെ ഇടതു മൂലയില്‍ ഭദ്രം. ഒരു എവേ ഗോളിനായി ബയേണ്‍ പരമാവധി ശ്രമിച്ചെങ്കിലും അത്‌ലറ്റികോ പ്രതിരോധം പിളര്‍ത്താനായില്ല.
രണ്ടാം പകുതിയില്‍ മുള്ളറും റിബറിയുമെത്തിയെങ്കിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. 54ാം മിനിറ്റില്‍ അലബ പ്രതിരോധം പിളര്‍ത്തി 35 വാര അകലെ നിന്നു തൊടുത്ത ഷോട്ട് ബാറില്‍ത്തട്ടി മടങ്ങി. കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റ് ശേഷിക്കെ ഫെര്‍ണാണ്ടോ ടോറസും അവസാന മിനിറ്റില്‍ കോക്കെയും ബയേണ്‍ ഗോള്‍മുഖത്തും ഭീതി പരത്തി.
സൗളിന്റെ വ്യക്തിഗത മികവാണ് ജയം സമ്മാനിച്ചതെന്ന് മത്സരശേഷം അത്‌ലറ്റികോ പരിശീലകന്‍ ഡീഗോ സിമിയോണി പറഞ്ഞു.
ഓരോ മത്സരം കഴിയുന്തോറും യുവതാരം മെച്ചപ്പെട്ടുവരുന്നുവെന്നും അദ്ദേഹം. അടുത്ത സീസണില്‍ സിറ്റിയില്‍ ചേരുന്ന പെപ്പ് ഗാര്‍ഡിയോളയ്‌ക്ക് കിരീടത്തോടെ മ്യൂണിച്ചിനോട് വിടപറയണമെങ്കില്‍ അലിയന്‍സ് അരീനയില്‍ ടീമില്‍നിന്ന് അതിനൊത്ത പ്രകടനം വേണം. സ്വന്തം മൈതാനത്ത് എതിരാളികളെ നിലംപരിശാക്കുന്ന ബയേണിന് ഒരു ഗോള്‍ കമ്മിയേയുള്ളൂവെന്നത് ആശ്വാസം.
















