അലക്സ് പ്രജില്‍ സുരേഷ്
തൃശൂര്‍: ചേര്‍പ്പ് ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും ഏഴ് വര്‍ഷം അധികം കഠിനതടവിനും 10,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചേര്‍പ്പ് സ്വദേശികളായ മണ്ടന്തറ വീട്ടില്‍ പ്രജില്‍(38), തയ്യില്‍ വീട്ടില്‍ സുരേഷ്(45), മംഗലംപുള്ളി വീട്ടില്‍ അലക്സ്(28) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ .പി. സുധീര്‍ ശിക്ഷിച്ചത്.
പോലീസ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്ന കുന്നത്തുള്ളി വീട്ടില്‍ അഭിനന്ദ്(25), മഠത്തിപറമ്പില്‍ ഷിബു(25) എന്നിവരെ കഴിഞ്ഞ ദിവസം കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
2014 ഏപ്രില്‍ 25ന് താണിക്കമുനയം റോഡില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. കോടന്നൂര്‍ തോപ്പില്‍ വീട്ടില്‍ രാജേഷ്, കാരക്കാട്ട് മാരാത്ത് വീട്ടില്‍ അയ്യപ്പദാസ് എന്നിവരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആശുപത്രി രേഖകള്‍, ചികിത്സിച്ച ഡോക്ടറുടെ മൊഴി, ആക്രമണത്തിന് ഉപയോഗിച്ച വാളുകള്‍, ദൃസാക്ഷിയുടെ മൊഴി എന്നിവ പ്രോസിക്യൂഷന് തെളിവായി നല്‍കിയിരുന്നു. ദൃക്സാക്ഷിയായ ചായക്കടയുടമ മനീഷ് എന്നയാള്‍ കൂറുമാറിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും ശിക്ഷാവിധി.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷകള്‍ വെവ്വേറെ അനുഭവിക്കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ അവകാശികള്‍ അപേക്ഷ നല്കുന്നതനുസരിച്ച് അര്‍ഹതപ്പെട്ട നഷ്ടപരിഹാരതുക അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയോടും, സംഭവത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പാനിക്കുളം വീട്ടില്‍ ഷിജോ (28)വിന് സര്‍ക്കാരില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിക്കാനും കോടതി വിധിയില്‍ ഉത്തരവിട്ടു.
ചേര്‍പ്പ് എസ്ഐ ആയിരുന്ന പി. പി. ജോയ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി. ഐ. സുന്ദരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. എം. മെഹബൂബ് അലി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: