ചെങ്ങന്നൂര്‍: കടുത്ത വേനല്‍ ചൂടിനെ വകവയ്‌ക്കാതെ ഓരോ വോട്ടര്‍മാരെയും നേരില്‍കണ്ട് വോട്ട് ഉറപ്പിച്ചുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. പൊള്ളുന്ന വെയിലിനെ വകവയ്‌ക്കാതെ പ്രവര്‍ത്തകരോടൊപ്പം മണ്ഡലത്തില്‍ സജീവസാന്നിധ്യമാവുകയാണ്.
തെരഞ്ഞെടുപ്പ് പോരാട്ടചൂട് കനക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി.എസ്. ശ്രീധരന്‍പിള്ളയും ചെങ്ങന്നൂരിലെ എന്‍ഡിഎ നേതൃത്വവും. ചെല്ലുന്നിടത്തെല്ലാം ആവേശോജ്വലമായ വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്.
ഇന്നലെ പ്രഭാത ഭക്ഷണത്തിനുശേഷം വെണ്മണിയിലെ വീട്ടില്‍ നിന്നിറങ്ങി സുഹൃത്തൃക്കളെ കണ്ട് കുശലാന്വേഷണങ്ങള്‍ നടത്തി. പിന്നീട് വീടിനു സമീപത്തുള്ള ഭവനങ്ങള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരപ്രദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചതിരിഞ്ഞ് ചെങ്ങന്നൂരിലും മാന്നാറിലുമായി എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തി. പിന്നീട് കല്ലിശ്ശേരി, പ്രാവിന്‍കൂട് മേഖലകളിലായിരുന്നു പര്യടനം. കല്ലിശ്ശേരിയില്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. ഗ്രഹസമ്പര്‍ക്കവും നടത്തി.
കല്ലിശ്ശേരിയില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. കാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ തൊഴില്‍ മേഖലയെ തികച്ചും അവഗണിക്കുകയാണ് ചെയ്തതെന്ന പരാതി സ്ഥാനാര്‍ത്ഥിയെ അറിയിച്ചു. ഈ മേഖല ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇത്രയും നാള്‍ മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരെ തികച്ചും അവഗണിക്കുകയാണ് ചെയ്തത്. എന്‍ഡിഎ സര്‍ക്കാര്‍ വേണ്ട പ്രാധാന്യം നല്‍കി ഈ മേഖലയില്‍ തൊഴിലാളികള്‍ അനഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അവര്‍ പി.എസ്.ശ്രീധരന്‍പിള്ളയോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ വികസനത്തിനും പരമ്പരാഗത കൃഷി- വ്യവസായങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ എന്‍ഡിഎ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
















