തിരുവനന്തപുരം: വേനല്‍ചൂടില്‍ കേരളം വെന്തുരുകുന്നു. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട് മലമ്പുഴയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 41.9 ഡിഗ്രി. കേരളത്തില്‍ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പൊതുവെ സംസ്ഥാനത്ത് താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടും. വരുന്ന രണ്ടു ദിവസങ്ങളില്‍ അതികഠിനമായ ചൂടുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വരണ്ടകാറ്റുവീശുന്നതും ചൂട് വര്‍ധിക്കാന്‍ കാരണമായി പറയുന്നു. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യാതപമേറ്റിരുന്നു. 38 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സംസ്ഥാനത്തെ പകല്‍ താപനില.
കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11 മുതല്‍ മൂന്നുവരെ പുറംജോലികള്‍ ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ജലസ്രോതസുകളില്‍ ബഹുഭൂരിപക്ഷവും വറ്റിവരണ്ടു. കന്നുകാലികള്‍ അടക്കം വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്. ജലദൗര്‍ലഭ്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. രാവിലെ ഒന്‍പതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ധന, റവന്യൂ, ജലസേചന വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ജലവകുപ്പ് ചീഫ് എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി എംഡി, മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര് എന്നിവര്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുക്കുന്ന യോഗമായിരിക്കും ചേരുക. ഉദ്യോഗസ്ഥ തലത്തില്‍ ലഭിച്ചിട്ടുള്ള പരാതികളുടെയും അതതിടങ്ങളിലെ ജില്ലാ അധികൃതരുടെ നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വേനല്‍ രൂക്ഷമായതോടെ വ്യാപകകൃഷിനാശം സംഭവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 400 ഹെക്ടറിലേറെ നെല്‍കൃഷി നശിച്ചതായാണ് കണക്ക്. സംസ്ഥാനത്താകെ 3000 ഹെക്ടറിലേറെ കൃഷിനാശം സംഭവിച്ചിട്ടുണ്ടാകാമെന്ന് കാര്‍ഷിക വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിവരണ്ടു. കുടിവെള്ള ആവശ്യത്തിന്റെ 70 ശതമാനവും കിണറുകളെ ആശ്രയിച്ചാണ്. 30 ശതമാമനത്തില് താഴെയാണ് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്. ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാല്‍ കുടിവെള്ളമെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: