കുമളി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായെത്തിയ ആളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂര്‍ സ്വദേശി പിച്ചാമണി (61) ആണ് പിടിയിലായത്.ഇന്നലെ രാവിലെ ആറു മണിയോടെ കുമളി അതിര്‍ത്തി ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. അതിര്‍ത്തി ബസ് സ്റ്റാന്റിലിറങ്ങി കുമളിയിലെ സ്വകാര്യ ബസ് സ്റ്റാന്റിലേക്ക് നടന്നു വരുന്നതിനിടെ സംശയം തോന്നിയതിനാല്‍ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തു.ആയിരം രൂപ പ്രതിഫലം നല്‍കാമെന്നറിയിച്ച് കമ്പത്തുവെച്ചാണ് ഒരാള്‍ ദേഹത്ത് കഞ്ചാവ് കെട്ടിവെച്ചതെന്ന് ഇയാള്‍ മൊഴി നല്കി. ഇതിനായി അഞ്ഞൂറ് രൂപാ മുന്‍കൂര്‍ നല്‍കിയതായും ബാക്കി പണം ചങ്ങനാശേരിയില്‍ എത്തിച്ചു നല്കുമ്പോള് അവിടെ നിന്നും ലഭിക്കുമെന്നുമാണ് കഞ്ചാവ് നല്കിയ ആള് അറിയിച്ചതെന്നും പിച്ചാമണി പറഞ്ഞു. കുമളി ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര് സെല്‍വരാജ്, എം.എസ് ജനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: