ശ്രീകണ്ഠപുരം: ആകാശവാണി, കുടുംബശ്രീ ജില്ലാ മിഷന്, നബാര്‍ഡ്, മലപ്പട്ടം ടെക്നീഷ്യന്‍സ് ആന്റ് ഫാര്‍മേഴ്സ് കോ-ഓര്‍ഡിനേഷന്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ 27 മുതല്‍ ശ്രീകണ്ഠാപുരത്ത് നടത്തുന്ന ചക്ക മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10 മണിക്ക് പികെശ്രീമതി എംപി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. 27, 28 ദിവസങ്ങളില്‍ ശ്രീകണ്ഠാപുരം പികെ കോംപ്ലക്സിലാണ് പരിപാടി. ചക്ക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനവും ചക്ക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ മത്സരങ്ങളും ഫോട്ടോ പ്രദര്‍ശനവും പ്ലാവിന് തൈകളുടെ വില്‍പ്പനയും സംഘടിപ്പിച്ചിട്ടുണ്ട്. ആകാശവാണി പ്രോഗ്രാം മേധാവി കെ ബാലചന്ദ്രന്, നബാര്‍ഡ് എജിഎം നാഗേഷ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സ്വപ്ന തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
കായികമേള നടത്തും
കണ്ണൂര്‍: സാര്‍വ്വദേശീയ തൊഴിലാളിദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ തൊഴിലാളികള്ക്ക്വേണ്ടിയുള്ള ഒരു കായിക മേള മെയ് 1ന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. മേളയില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 50, 100, 200 മീറ്റര്‍ ഓട്ടം, 800 മീറ്റര്‍ നടത്തം, ഷോട്ട്പുട്ട്, ലോംങ്ജമ്പ്, മ്യൂസിക്കല്‍ ചെയര്‍, കമ്പവലി എന്നീ മത്സരങ്ങള്‍ നടത്തപ്പെടും. മത്സര വിജയികള്‍ക്ക് പ്രൈസ്മണിയും ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സ്ഥാപനത്തിന് ട്രോഫിയും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന നിര്‍മ്മാണ തൊഴിലാളികള്‍ 28ന് 5മണിക്ക് മുമ്പായി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: