പത്തനംതിട്ട: ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന് ജില്ലയില്‍ വന്‍ മുന്നേറ്റമാണുള്ളതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജനഹിതം 2016 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനം ചര്‍ച്ച ചെയ്യപ്പെടുകയും അതിലൂടെ ജനം ആഗ്രഹിക്കുന്ന മാറ്റം സാധ്യമാകുകയും വേണമെന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ക്കായി അനുവദിക്കുന്ന ഫണ്ടിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസനത്തിന്റെ പിന്തുടര്ച്ചയായാണ് പത്തനംതിട്ടയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം അടക്കമുള്ള പദ്ധതികള്‍ക്ക് അംഗീകാരമായത്. ശബരിമലയില്‍ ഉള്‍പ്പെടെ വികസനരംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ എന്‍.ഡി.എയ്ക്കു പൂര്‍ത്തീകരിക്കാനാകും. ജില്ലയിലെ പ്രശ്നങ്ങള്‍ പലതും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. പമ്പ ആക്ഷന്‍ പ്ലാന്‍ അട്ടിമറിച്ചതിലൂടെ കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനമാണ് നഷ്ടമാക്കിയത്. ജില്ലയുടെ വികസനം എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ ഒതുങ്ങുകയാണ്. വന്‍പദ്ധതികള്‍ യാതൊന്നും ഉണ്ടാകുന്നില്ല. ടൂറിസം മേഖലയില്‍ ജില്ലയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താനാകുന്നില്ല. റോഡുവികസനം ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ജില്ലയില്‍ ഇതുവരെ കുടിവെള്ളം നല്‍കാനുള്ള ബൃഹദ്പദ്ധതികള്‍ പോലുമില്ല. പട്ടയം ലഭിച്ചവര്‍ അവരുടെ വസ്തു എവിടെയാണെന്ന് അന്വേഷിച്ച് നടക്കുന്ന സ്ഥിതിയാണുള്ളത്.
ജില്ലയില്‍ എന്‍ഡിഎ സഖ്യത്തിന് അനുദിനം ജനപ്രീതി വര്‍ദ്ധിച്ചുവരുന്നു. ഇതുതന്നെയാണ് മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവാദം തുടങ്ങിയ യു.ഡി.എഫ് കണ്‍വീനര്‍ ബാബു ജോര്‍ജ് ജില്ലയിലെ തങ്ങളുടെ എംഎല് എ മാരുടെ വികസന നേട്ടങ്ങള്‍ നിരത്തി. തിരുവല്ലയിലും റാന്നിയിലും അടൂരിലും എല്‍. ഡി.എഫ് എം. എല്‍. മാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും വികസന പ്രവര്‍ത്തനം നടത്തിയെന്നു മേനിപറയുകയാണെന്നും പറഞ്ഞു.
സമാനതകളില്ലാത്ത വികസനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടപ്പാക്കിയത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജനം യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്നും ബാബുജോര്‍ജ്ജ് അവകാശവാദം മുഴക്കി.
അഴിമതിയുടെ ദുര്‍ഗന്ധം കേരളമാകെ വ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനം മറുപടി നല്കാന് കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ അലക്സ് കണ്ണമല ചര്‍ച്ച ആരംഭിച്ചത്. യുഡിഎഫിന്റെ അവകാശവാദങ്ങള്‍ അംഗീകരിച്ചാല്‍ കോന്നി മാത്രമാണ് പത്തനംതിട്ടയെന്നു തോന്നിപ്പോകും. 42 കോടി ചെലവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് മാത്രം ഉപയോഗിച്ച് എട്ടുകോടി രൂപയുടെ പദ്ധതി മാത്രമാക്കി. തിരുവല്ലയ്ക്കൊപ്പം പത്തനംതിട്ടയിലും അനുമതിയായ പദ്ധതി നടപ്പാക്കാന്‍ കഴിയാതെവന്നത് എം.എല്‍.എയുടെ ഇച്ഛാശക്തി ഇല്ലായ്മയിലാണെന്ന് അലക്സ് കണ്ണമല പറഞ്ഞു.
പൊതുപ്രവര്‍ത്തനത്തെ ധനസമ്പാദനത്തിനുള്ള മാര്‍ഗമായി കണ്ടു പ്രവര്‍ത്തിച്ചവരാണ് യു.ഡി.എഫ് ഭരണകര്‍ത്താക്കള്‍. കോടതികളില്‍ നിന്നു നിരവധി പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു നേരിടേണ്ടിവന്നു. ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലും എല്‍.ഡി.എഫിനു വിജയപ്രതീക്ഷയുണ്ടെന്നും അലക്സ് കണ്ണമല പറഞ്ഞു.
പ്രസ് ക്ലബ് മുന്‍ സെക്രട്ടറി ബിജുകുര്യന് ചര്‍ച്ച നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: