ചാത്തന്നൂര്‍: പരമ്പരാഗത വ്യവസായങ്ങളുടെ ശവപറമ്പായ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ തൊഴിലാളിസമൂഹം ഇപ്പള് ബിജെപിക്ക് ഒപ്പമാണ്.
കേരളം മാറിമാറി ഭരിച്ച യുഡിഎഫ് മുന്നണികളും അവര്‍ നിയന്ത്രിക്കുന്ന ട്രേഡ് യൂണിയന് നേതാക്കളുമാണ് ഇതിന് കാരണക്കാര്‍ എന്ന് തൊഴിലാളി വര്‍ഗം ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം തിരച്ചറിഞ്ഞ് ബഹുഭൂരിപക്ഷം ജനങ്ങളും ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു.
കശുവണ്ടി തൊഴിലാളികള്‍, പരമ്പരാഗത വ്യവസായങ്ങളായ കയര്‍, നെയ്ത്ത്, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ ഒട്ടനവധി വ്യവസായസ്ഥാപനങ്ങളില്‍ ജോലി ചെയ്താണ് തൊഴിലാളികള്‍ ഉപജീവനം നടത്തുന്നത്. ഇന്ന് പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞു. ഉദാഹരണമായി ചാത്തന്നൂര്‍ മണ്ഡലത്തിലെ പ്രമുഖവ്യവസായ സ്ഥാപനമായ കാരംകോട് കൊല്ലം സഹകരണ സ്പിന്നിങ് മില്‍ ഇന്ന് നിലനില്‍പ്പിനുവേണ്ടി പോരാടുകയാണ്. കൊല്ലം ജില്ലയില്‍ തന്നെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന നയങ്ങളാണ് സംസ്ഥാനം ഭരിച്ച ഇരുമുന്നണിസര്ക്കാരുകളും കൈകൊണ്ടത്. ചാത്തന്നൂരിലെ പരിസരപ്രദേശങ്ങളിലുള്ള നെയ്ത്തുതൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപംകൊണ്ട സ്പിന്നിങ് മില്ലിന്റെ ചരമഗീതം തന്നെ എഴുതി. തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന മില്‍ തുറക്കാനായത്. നാനൂറോളം തൊഴിലാളികുടുംബങ്ങളാണ് സ്പിന്നിംഗ് മില്കൊണ്ട് ഉപജീവനം നടത്തുന്നത്.
ഭരിക്കുന്ന മുന്നണിക്ക് ഓശാന പാടുന്ന ഡയറക്ടര്‍ ബോര്‍ഡും അതിന് ഒത്താശ ചെയ്യുന്ന ഇടതുവലതു ട്രേഡ് യൂണിയനുകളുമാണ് ഇതിന് കാരണം. നെയ്ത്തു വ്യവസായത്തിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശമാണ് ചാത്തന്നൂര്‍. നെടുങ്ങോലം, വരിഞ്ഞം, ചിറക്കര, മീനാട് പ്രദേശങ്ങളില്‍ നെയ്ത്തുവ്യവസായം നിലനിന്നിരുന്നു. തറകളില്‍ നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് അന്നും ഇന്നും വിദേശരാജ്യങ്ങളില്‍ പോലും വലിയ പ്രാധാന്യമുണ്ട്. പക്ഷേ ഇന്ന് നെയ്ത്ത് തൊഴിലാളികളുടെ ജീവിതംതന്നെ ഇഴ പൊട്ടിയ തറികള്‍ പോലെയായി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ഏറെ പ്രയാസപ്പെടുകയാണ് നെയ്ത്തു തൊഴിലാളികള്‍. നൂലിന് അനിയന്ത്രിതമായ വിലക്കയറ്റം നെയ്ത്തുമേഖലയെ പിന്നോട്ടടിക്കുന്നു. നെയ്ത്തിന് ആവശ്യമായ അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വില കുതിച്ചുയര്‍ന്നു. തൊഴിലാളികള്‍ പകലന്തിയോളം തറികളില്‍ ഇരുന്നു പണിചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞ കൂലി ഈ മേഖല തന്നെ വിടാന്‍ അവരെ പ്രേരിപ്പിക്കുന്നു. ജില്ലയില്‍ ഏറ്റവുമധികം കശുവണ്ടി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ചാത്തന്നൂര്‍. ചാത്തന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ മാത്രമായി 54 കശുവണ്ടി ഫാക്ടറികളാണുള്ളത്. പതിനായിരത്തോളം കശുവണ്ടി കുടുംബങ്ങളാണ് കശുവണ്ടി വ്യവസായത്തെ ഉപജീവനമാക്കി കഴിയുന്നത്. കശുവണ്ടി വ്യവസായം ഇന്ന് തകര്‍ന്നടിഞ്ഞ് കഴിഞ്ഞു. സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറികള്‍ അടച്ചുപൂട്ടിയിട്ട് ആറുമാസമായി. കോര്പ്പറേഷന് ഫാക്ടറികള്‍ ഒന്നുപോലും ഇതുവരെ തുറന്നിട്ടില്ല. കശുവണ്ടി തൊഴിലാളി കുടുംബങ്ങളെ പട്ടിണിക്കിടുന്ന സര്‍ക്കാര്‍ നടപടികളില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പല തൊഴിലാളികളും ഇന്ന് മറ്റു ഉപജീവനമാര്‍ഗങ്ങള്‍ തേടുകയാണ്. ട്രേഡ് യൂണിയന് നേതാക്കളുടെ ഇടപെടല്‍ ഭയന്ന് കശുവണ്ടി വ്യവസായം അന്യസംസ്ഥാനങ്ങളിലേക്ക് പൊയ്കൊണ്ടിരിക്കുന്നു.
കയര്‍മേഖലയില്‍ അതീവ ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കയര്‍വ്യവസായത്തില്‍ ഏറെ പെരുമകേട്ട പ്രദേശമാണ് പരവൂര്‍. കടലിന്റെയും കായലിന്റെയും സംഗമഭൂമിയായ പരവൂരില്‍ മാത്രം അയ്യായിരത്തോളം കുടുംബങ്ങള്‍ കയര്‍ പിരിച്ചു കൊണ്ട് ജീവിച്ചത് ഇന്ന് അന്‍പതില്‍ താഴെ ആളുകള്‍ മാത്രമായി. കയര്‍ വ്യവസായഭൂപടത്തില്‍ പരവൂരിന്റെ സ്ഥാനം ഏറ്റവും മുകള്‍ത്തട്ടിലായിരുന്നു. നൂറ്റാണ്ട്കള്‍ക്ക് മുമ്പ് പരവൂര്‍ കായലിലൂടെ കേവ് വള്ളങ്ങളില്‍ കയറും കയര്‍ ഉല്‍പ്പന്നങ്ങളും കിഴക്കിന്റെ വെനീസെന്ന് അറിയപ്പെടുന്ന ആലപ്പുഴയിലേക്ക് തുഴഞ്ഞ് കൊണ്ടുപോയിരുന്നു. ജലഗതാഗതമാര്ഗങ്ങളിലൂടെ കടല്‍ കടന്ന് പരവൂരിന്റെ കയര്‍ വ്യവസായം തഴച്ച് വളര്‍ന്നിരുന്ന കാലം പഴമക്കാര്‍ ഇന്നും ഓര്‍ത്തെടുക്കുന്നു. ഇന്ന് കയര്‍വ്യവസായം പൂര്‍ണമായും അന്യം നിന്നു. ഒരു കാലത്ത് തീരദേശമേഖലയെ പുലര്‍ച്ചെ തുടികൊട്ടിയുണര്ത്തിയത് റാട്ടിന്റെ ഈണത്തിലുള്ള ശബ്ദമായിരുന്നു. ഏറ്റവുമധികം കയര്‍ വ്യവസായം പരവൂര്‍, പൂതക്കുളം, കലയ്ക്കോട്, പൊഴിക്കര പ്രദേശങ്ങളില്‍ വ്യാപിച്ചു കിടന്നു. പരവൂരിലെ ഒട്ടുമിക്ക വീടുകളിലും റാട്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് കയര്‍ വ്യസായം പിടിച്ചു നില്ക്കുവാന് പാടുപെടുകയാണ്. അറബിക്കടലിന്റെ സംഗമഭൂമിയായ പരവൂരില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നത്. കായല്‍ മത്സ്യങ്ങളുടെയും മറ്റ് അപൂര്‍വ്വ മത്സ്യസമ്പത്തിന്റെയും വിളനിലമായിരുന്നു പരവൂര്‍ തെക്കുംഭാഗം, പൊഴിക്കര, ചില്ലയ്ക്കല്‍, മുക്കം പ്രദേശങ്ങള്‍. ചാള തടികളില്‍ കായലില്‍ പോയി മത്സ്യബന്ധനം നടത്തിയ തൊഴിലാളികള്‍ ഇന്ന് പട്ടിണിയിലാണ്. സര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്ന് വിദേശ ട്രോളറുകള്‍ കടന്നുകൂടി മത്സ്യബന്ധനം നടത്തുന്നത് പരമ്പരാഗത തൊഴിലാളികള്‍ക്ക് ഭീഷണിയായി. തീരത്ത് നിന്ന് നിശ്ചിത അകലത്തില്‍ മാത്രമേ വിദേശട്രോളറുകള്‍ മത്സ്യബന്ധനം നടത്താവൂ എന്ന നിബന്ധന സര്‍ക്കാര്‍ എടുത്ത് കളഞ്ഞു. ഇതോടെ മത്സ്യസമ്പത്തിന്റെ ഭൂരിഭാഗവും ട്രോളറുകള്‍ കടത്തികൊണ്ട് പോവുകയാണ്. ചാളത്തടികളില്‍ മത്സ്യം പിടിക്കുന്നതിന് വലകളുടെ വിലയും മറ്റും ഉയര്‍ത്തിയത് തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. സര്‍ക്കാര്‍ സൗജന്യങ്ങള്‍ ഒന്നും തൊഴിലാളികള്‍ക്കും ലഭ്യമല്ല. ജീവന് പോലും പണയം വെച്ച് കടലില്‍ പോകുന്ന തൊഴിലാളികളെ കേരളത്തിലെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. വറുതിയിലും അവര്‍ക്കുള്ള സൗജന്യ റേഷന്‍ സംവിധാനങ്ങള്‍ പോലും സര്‍ക്കാരുകള്‍ അട്ടിമറിച്ചതോടെ മത്സ്യതൊഴിലാളികള്‍ കടലിനെ മല്ലിട്ട് കെട്ടുപടുത്ത വ്യവസായം തകര്‍ന്നടിയുകയാണ്.
പരമ്പരാഗത വ്യവസായമേഖല തകര്‍ന്നു. തൊഴില്‍ നഷ്ടപ്പെട്ടു. നിത്യഉപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ അവകാശം നിഷേധിച്ച് കൊണ്ട് ഇടതുവലതു ട്രേഡ് യൂണിയന് നേതാക്കള്‍ തൊഴിലാളികളെ വഞ്ചിച്ചു. സത്യം തിരിച്ചറിഞ്ഞ് തൊഴിലാളികള്‍ ഇടതുവലതു ട്രേഡ് യൂണിയന് നേതാക്കളെ അകറ്റി നിര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ദേശീയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന്റെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിക്കുന്ന പദ്ധതികളും പ്രതീക്ഷയോടെ കാണുന്ന തൊഴിലാളികള്‍ പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇനി ബിജെപിക്ക് ഒപ്പമാണെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധമേഖലയില്‍ തൊഴില്‍ ചെയ്ത ജീവിച്ച ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണക്കാരായവരായ ഇടതുവലതു മുന്നണികള്‍ക്കെതിരെ ബാലറ്റ് പെട്ടിയിലൂടെ പ്രതികരിക്കാന്‍ സമയമായി എന്ന് ഓരോ വോട്ടര്‍മാരും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: