തലശ്ശേരി: തലശ്ശേരി ധര്‍മ്മടം തുരുത്തില് കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവന് രക്ഷിച്ചത് പ്രദേശത്തെ സ്വയം സേവകരുടെ സമയോചിതമായ ഇടപെടല്‍. കൊടുവള്ളി എന്‍ടിടിഎഫ് വിദ്യാര്‍ത്ഥികളായ ആറു വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ നിലവിളികേട്ടെത്തിയ പ്രദേശത്തെ സ്വയം സേവകരായ സൃബിനും മഹേഷും തങ്ങളുടെ ജീവന് പോലും പരിഗണിക്കാതെ കടലിലിറങ്ങി വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. വേലിയേറ്റസമയത്താണ് വിദ്യാര്‍ത്ഥികള്‍ കടലിലിറങ്ങിയത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല് കടല്‍ ക്ഷോഭിച്ചിരുന്നു. മൂന്ന് പേര് പാറക്കെട്ടില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. കൂടുതല്‍ പേരുള്ളതായി അറിയില്ലായിരുന്നുവെന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കില്‍ എല്ലാവരെയും രക്ഷപ്പെടുത്താമായിരുന്നുവെന്നും മഹേഷ് പറഞ്ഞു. കടലിന്റെ സ്വഭാവത്തെ കുറിച്ച് അറിയാത്തതാണ് വിദ്യാര്‍ത്ഥികളെ അപകടത്തില്‍പ്പെടുത്തിയത്. ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ കടല്‍തീരത്ത് പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെടില്ലായിരുന്നു. അപകട മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കേണ്ട ആവശ്യം നിരവധി തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ അധികൃതര്‍ വിമുഖത കാട്ടുകയായിരുന്നു. പിന്നീട് യുവമോര്‍ച്ച ഇടപെട്ട് പ്രദേശത്ത് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെങ്കിലും പോലീസ് ഇടപെട്ട് നീക്കുകയായിരുന്നു. ബോര്‍ഡ് സ്ഥാപിക്കല്‍ അധികൃതരുടെ ചുമതലയാണെന്നായിരുന്നു പോലീസ് നല്കിയ വിശദീകരണം. ഇനിയെങ്കിലും അപകട മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: