ചെങ്ങന്നൂര്‍: പതിറ്റാണ്ടുകളായി അവഗണന നേരിട്ടു കിടന്ന ഒരു ജനവിഭാഗം ഒരു മാറ്റം അനിവാര്യമായിരിക്കുന്നു എന്നു ചിന്തിക്കുന്ന കാലഘട്ടത്തില്‍ ഒരു നിയോഗം പോലെ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ഓരോ ദിവസം പിന്നിടുമ്പോഴും ജനപിന്തുണ ഏറുന്നു.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രചാരണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഇതര സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ശ്രീധരന് പിള്ള വളരെ മുന്നിലാണ്. മഹിളാമോര്‍ച്ചയുടെ 700 സ്ക്വാഡുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സ്ക്വാഡുകളാണ് മണ്ഡലത്തിലെ 154 ബൂത്തുകളിലായി പ്രവര്‍ത്തിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ 42 ജനപ്രതിനിധികളെ വിജയിപ്പിക്കാനായതും 41 പേര് നിസ്സാര വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തിയതും ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. വോട്ടിംഗ് ശതമാനത്തില്‍ പോലും ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം ബിജെപി എത്തിയിരുന്നു.
ഒന്നരമാസമായി മണ്ഡലത്തില്‍ സജീവമായിട്ടുള്ള സ്ഥാനാര്‍ത്ഥി എല്ലാ ബൂത്തുകളിലും ഭവന സന്ദര്‍ശനം നടത്തി. ഇന്ന് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതോടെ പ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക് കടക്കും.
എന്‍ഡിഎ പഞ്ചായത്തു കണ്‍വന്‍ഷനുകള്‍ മെയ് ഒന്നിന് മുന്‍പായി പൂര്‍ത്തീകരിക്കും. മെയ് രണ്ടുമുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ ശ്രീധരന്‍പിള്ളയ്ക്ക് രാഷ്ട്രീയത്തിന് അതീതമായി വോട്ട് രേഖപ്പെടുത്തുമെന്ന് ജനങ്ങള്‍ പറയുമ്പോള്‍ ചെങ്ങന്നൂരില്‍ പുതിയ ചരിത്രം കുറിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍.
എന്‍ഡിഎയുടെ മുന്നേറ്റത്തിലും ഇരുമുന്നണികളും ഗ്രൂപ്പു പോരില്‍ നട്ടം തിരിയുകയാണ്. സിറ്റിംഗ് എംഎല്‍എ പി.സി. വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സീറ്റു ലക്ഷ്യമിട്ടിരുന്നത് ജില്ലാ സെക്രട്ടറിയായ സജി ചെറിയാന് ആയിരുന്നു. സീറ്റു ലഭിക്കാതാതായതോടെ സജി ചെറിയാനെ അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: