ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന് മരണാന്തര ബഹുമതിയായി ശൗര്യചക്ര നല്‍കാന്‍ ശുപാര്‍ശ. നിരഞ്ജനെ കൂടാതെ പത്താന്‍കോട്ട് ആക്രമണത്തിനിടെ വീരമൃത്യു വരിച്ച രണ്ട് കമാന്‍ഡോകള്‍ക്കും എന്‍എസ്ജിയുടെ നായ ‘റോക്കറ്റി’നെയും ബഹുമതിക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ലഫ്.കേണല്‍ നിരഞ്ജന്‍ കുമാര്‍ ഗ്രനേഡ് പൊട്ടി വീരമൃത്യുവരിച്ചത്. മറ്റു രണ്ട് കമാന്‍ഡോകള്‍ക്കും ശൗര്യചക്ര നല്‍കാനാണ് ശുപാര്‍ശ.
ആദ്യമായാണ് എന്‍എസ്ജിയുടെ നായയെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുന്നത്. പത്താന്‍കോട്ട് ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരെ തുരത്തുന്നതില്‍ വലിയ സേവനമാണ് എന്‍എസ്ജി നായ റോക്കറ്റ് നടത്തിയത്. സേനമെഡലിനാണ് റോക്കറ്റിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്‍എസ്ജി നായയുടെ പരിശീലകനും പുരസ്‌കാരം നല്‍കും. കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ അര്‍പ്പണ മനോഭാവവും അസാമാന്യ ധൈര്യവും പ്രകടിപ്പിച്ചതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നത്. എന്‍എസ്ജിയുടെ കെ9 കനൈല്‍ സ്‌ക്വോഡില്‍ അംഗമായിരുന്നു റോക്കറ്റ് എന്ന നായ.
അന്തിമ പട്ടിക അടുത്ത സ്വാതന്ത്ര്യദിനത്തിന് മുന്‍പ് പുറത്തുവരും. ജനുവരിയിലായിരുന്നു പത്താന്‍കോട്ട് ഭീകരാക്രമണം. ഏഴു സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത്.
















