ന്യൂദല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം അറിയുന്നതിനുള്ള ഒണ്‍ലൈന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നു. ഇതിലൂടെ രാജ്യത്തെ 200 ദശലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പുരോഗതി രക്ഷിതാക്കള്‍ക്ക് അറിയാനാവും. കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശാല-ദര്‍പ്പണ്‍ എന്ന പേരിലുള്ള ഈ ഡിജിറ്റല്‍ പരിപാടി നേരത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നടപ്പാക്കിയിരുന്നു. ഇതിലൂടെ ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം, പഠനനിലവാരം, കഴിവ്, പ്രകടനം തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയുവാനാകും.
വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം രക്ഷിതാക്കള്‍ക്ക് നേരിട്ട് മനസ്സിലാക്കാമെന്നതാണ് മറ്റൊരു ഗുണം. ദൗര്‍ഭാഗ്യവശാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍വ ശിക്ഷാ അഭിയാന്‍(എസ്എസ്എ) പദ്ധതി വര്‍ഷത്തിലൊരിക്കലാണ് വിലയിരുത്തിയിരുന്നത്.
എന്നാല്‍ എസ്എസ്എ പദ്ധതിയുടെ പുരോഗതി ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍ ദൈനംദിനം വിലയിരുത്തുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
ശരിയായ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്യുവാനാകും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വിവിധ വിവരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു എക്‌സ്‌പെന്‍ഡിച്ചര്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും ഇറാനി പറഞ്ഞു. ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍ക്കായി ഇതാദ്യമായി പോര്‍ട്ടല്‍ തുടങ്ങും. ശാല സിദ്ധി പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
















